ആരാധകന്റെ ജനനേന്ദ്രിയം തകർത്തു, തെളിവായി പവിത്രയുടെ രക്തംപുരണ്ട ചെരിപ്പ്; രേണുകാസ്വാമി കേസിൽ കുറ്റപത്രം



ബെംഗളൂരു> രേണുകാസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ തൂഗുദീപൻ, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികള്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എട്ട് ഫൊറന്‍സിക് റിപ്പോര്‍ട്ടുകളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പവിത്ര ഗൗഡയുടെ രക്തംപുരണ്ട ചെരിപ്പും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ദര്‍ശന്റെ ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് പ്രാകൃതമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചതാണ് കൊലപാതകത്തിനുള്ള പ്രേരണയെന്ന് കുറ്റപത്രം പറയുന്നു. ദര്‍ശന്റെ നിര്‍ദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന് ശേഷം ബെംഗളൂരു പട്ടണഗരെയിലെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തി എന്നാണ് കണ്ടെത്തൽ. വിജയനഗര്‍ സബ് ഡിവിഷന്‍ എ.സി.പി. ചന്ദന്‍കുമാര്‍ ആണ് ബെംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ബുധനാഴ്ച രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. 3991 പേജുകളുള്ള കുറ്റപത്രത്തില്‍ 231 സാക്ഷികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ ദൃക്‌സാക്ഷികളാണ്. കേസ് വഴിതെറ്റിക്കാൻ പണം നൽകി പ്രതികളെ എത്തിച്ചു ജൂണ്‍ ഒന്‍പതാം തീയതി പുലര്‍ച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേര്‍ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടന്‍ ദര്‍ശനും നടി പവിത്രയ്ക്കും കൃത്യത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാംഹൗസില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അതിക്രൂരമായാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചതെന്ന് കണ്ടെത്തി. നിരവധി തവണ ഷോക്കേൽപ്പിച്ചു. രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമര്‍ദനത്തില്‍ ജനനേന്ദ്രിയം തകര്‍ന്നു പോയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. സിനിമയെ വെല്ലുന്ന ക്രൂരത, ചേരിതിരിഞ്ഞ് ആരാധകരും പവിത്ര ഗൗഡക്കെതിരെ സാമൂഹികമാധ്യമത്തില്‍ നടത്തിയ അശ്ലീലപരാമര്‍ശമാണ് രേണുകസ്വാമിയെ കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം. നടന്‍ ദര്‍ശന്റെ കടുത്ത ആരാധകനായിരുന്നു ചിത്രദുര്‍ഗ വി.ആര്‍.എസ്. ലേഔട്ട് സ്വദേശിയായ രേണുകസ്വാമി. ചിത്രദുര്‍ഗയിലെ ഫാര്‍മസി ജീവനക്കാരനായ രേണുകസ്വാമി നടന്‍ ദര്‍ശനും നടി പവിത്രയും തമ്മിലുള്ള ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പവിത്രയുമായുള്ള ദര്‍ശന്റെ അടുപ്പത്തെക്കുറിച്ച് പുറത്തറിഞ്ഞതോടെ നടന്റെ ആരാധകരെല്ലാം രണ്ടുചേരിയിലായാണ് നിലകൊണ്ടിരുന്നത്. പവിത്രയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒരുവിഭാഗം ആരാധകര്‍ നടനെതിരായിരുന്നു. ഇവരെല്ലാം ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിക്ക് പിന്തുണ നല്‍കി. എന്നാല്‍, മറ്റുചില ആരാധകര്‍ പവിത്രയും ദര്‍ശനും തമ്മിലുള്ള ബന്ധത്തെ അനുകൂലിച്ചു. ഇതില്‍ പവിത്രയുമായുള്ള ബന്ധത്തെ എതിര്‍ത്തവരുടെ കൂട്ടത്തിലായിരുന്നു കൊല്ലപ്പെട്ട രേണുകാസ്വാമിയും. ഇതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് രേണുകാസ്വാമി സാമൂഹികമാധ്യമത്തില്‍ നടി പവിത്രക്കെതിരേ അപകീര്‍ത്തികരമായ കമന്റിട്ടത്. പവിത്രക്കെതിരായ അശ്ലീലകമന്റില്‍ പ്രകോപിതനായാണ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ദര്‍ശനും സംഘവും യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ചിത്രദുര്‍ഗയില്‍നിന്ന് യുവാവിനെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയശേഷം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം ബെംഗളൂരു കാമാക്ഷിപാളയത്തെ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയുംചെയ്തു. ധീരമായ കഥാപാത്രങ്ങൾ, പശ്ചാത്തലത്തിൽ ക്രിമിനൽ തുടർച്ചകൾ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആവേശം പകരുന്ന ദര്‍ശനെ 'ചലഞ്ചിങ് സ്റ്റാര്‍' എന്നാണ് ആരാധകര്‍ വിളിച്ചുവന്നത്. 2001-ല്‍ ഇറങ്ങിയ മജസ്റ്റിക് എന്ന സിനിമയിലൂടെയാണ് ദര്‍ശന്‍ സാന്‍ഡല്‍വുഡില്‍ മുന്‍ നിര നടന്മാരുടെ നിരയിലേക്കുയര്‍ന്നത്. വലിയ വാണിജ്യം നേടുന്നവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. 'കരിയ', 'ക്രാന്തിവീര സംഗൊള്ളിരായണ്ണ', 'കലാസിപാളയ', 'ഗജ', 'നവഗ്രഹ;, 'സാരഥി', 'ബുള്‍ബുള്‍', യജമാന, 'റോബര്‍ട്ട്', 'കാടേര' തുടങ്ങിയവ ജനപ്രീതി നേടിയ ചിത്രങ്ങളാണ്. സിനിമയില്‍ നായകനാണെങ്കിലും ദര്‍ശന്‍ ജീവിതത്തില്‍ 'വില്ലന്‍ 'റോള്‍ കൈകാര്യംചെയ്ത സംഭവങ്ങള്‍ ഒട്ടേറെയുണ്ടായി. 2011-ല്‍ ഭാര്യ വിജയലക്ഷ്മിയെ ആക്രമിച്ചതിന് ഒരു മാസം ജയിലില്‍ കിടക്കേണ്ടി വന്നു. പിന്നീട് ഭാര്യയുമായി ഒത്തുതീര്‍പ്പുണ്ടാക്കി കേസില്‍നിന്ന് ഒഴിവായതാണ്. 2021-ല്‍ മൈസൂരുവിലെ ഒരു റസ്റ്ററന്റില്‍ വെയ്റ്ററെ ആക്രമിച്ച സംഭവമുണ്ടായി. പലരും ഇതില്‍ നടനെ വിമര്‍ശിച്ചു രംഗത്തെത്തി. കഴിഞ്ഞവര്‍ഷം ഒരു ദേശാടനപ്പക്ഷിയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ദര്‍ശന്റെയും ദര്‍ശന്റെ ഫാം ഹൗസ് മാനേജരുടെയും പേരില്‍ വനംവകുപ്പ് കേസെടുത്തു. 2022-ല്‍ ദര്‍ശന്റെ ഒരു പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ചെരിപ്പുകൊണ്ടുള്ള ഏറ് കൊള്ളേണ്ടിവന്നു.   Read on deshabhimani.com

Related News