രേണുകാസ്വാമി കൊലപാതകം: പവിത്ര ഗൗഡയുടെ ഹർജി തള്ളി



ബം​ഗളൂരൂ > രേണുകാസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശനൊപ്പം അറസ്റ്റിലായ മുഖ്യപ്രതി പവിത്ര ഗൗഡയുടെ ജാമ്യ ഹർജി കോടതി തള്ളി. രേണുകാസ്വാമിയുടെ കൊലപാതകം, ഹീനവും ഭയാനകവുമാണെന്ന് വിശേഷിപ്പിച്ചാണ് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി പവിത്ര ഗൗഡയുടെയും മൂന്നാം പ്രതി അനിൽകുമാറിന്റേയും ജാമ്യാപേക്ഷ തള്ളിയത്. സ്ത്രീയാണെന്ന പരിഗണനയില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പവിത്ര ഗൗഡ കോടതിയെ സമീപിച്ചത്. കൃത്യം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് പ്രതിയുടെ സാന്നിധ്യമുണ്ടെന്നതിന് രണ്ട് ദൃക്‌സാക്ഷികളുടെ മൊഴികളുണ്ടെന്ന് കോടതി പറഞ്ഞു. കൂടാതെ പ്രതിയുടെ വസ്ത്രത്തില്‍നിന്ന് ലഭിച്ച ഡിഎന്‍എ സാംപിളുകളും കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പ്രതിക്കെതിരേയുള്ള തെളിവുകളാണെന്നും കോടതി വിലയിരുത്തി. നടന്‍ ദര്‍ശനും പവിത്ര ഗൗഡയും ഉള്‍പ്പെടെ ആകെ 17 പ്രതികളാണ് കൊലക്കേസില്‍ അറസ്റ്റിലായത്. പവിത്ര ഗൗഡക്കെതിരേ സാമൂഹികമാധ്യമത്തില്‍ അശ്ലീല കമന്റിട്ടതിന് ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ നടൻ ദർശനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് കേസ്.   Read on deshabhimani.com

Related News