പ്രക്ഷോഭമടങ്ങാതെ ബംഗാൾ ; 
പതിനായിരങ്ങൾ 
നിരത്തിലിറങ്ങി



കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഒരു മാസം തികയുമ്പോഴും ഇതിനെതിരായ ജനരോഷം അടങ്ങാതെ ബംഗാൾ. വൻ പ്രതിഷേധമാണ് സംസ്ഥാനമാകെ തുടരുന്നത്‌. ഇരയ്‌ക്ക്‌ നീതി ലഭ്യമാക്കുന്നതിൽ മമത സർക്കാരും പൊലീസും കാട്ടുന്ന അനാസ്ഥയ്‌ക്കെതിരെ ഞായറാഴ്ച കൊൽക്കത്തയിലടക്കം പതിനായിരങ്ങൾ നിരത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹുജന സംഘടനാ പ്രവർത്തകർ, ഡോക്ടർമാർ, അഭിഭാഷകർ, അധ്യാപകർ, വിദ്യാഥികൾ, വീട്ടമ്മമാർ, റിക്ഷാ തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവർ പങ്കാളികളായി. ദക്ഷിണ കൊൽക്കത്തയിലെ 52 സ്‌കൂളുകളിലെ പൂർവ വിദ്യാർഥികൾ പ്രതിഷേധ മാർച്ച് നടത്തി. കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛനും അമ്മയും പങ്കെടുത്തു. ഭരണധികാരിയെ ഉണർത്തുക, രാത്രി വീണ്ടെടുക്കുക എന്ന ആഹ്വാനവുമായി സംഗീതജ്ഞർ, കലാകാരന്മാർ, ചിത്രകാരന്മാർ, അഭിനേതാക്കൾ, കായികതാരങ്ങൾ എന്നിവർ അണിനിരന്ന്‌ ഞായറാഴ്‌ച അർധ രാത്രിയും വിവിധയിടങ്ങളിൽ പ്രതിഷേധമുയർത്തി.   മമതയ്‌ക്ക്‌ രൂക്ഷ വിമർശം; തൃണമൂൽ എംപി രാജിവച്ചു കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ നടപടിക്ക്‌ തയാറാകാതിരുന്ന മമത ബാനർജി സർക്കാരിന്റെ സമീപനത്തിൽ പ്രതിഷേധിച്ച്‌ തൃണമൂൽ എംപി രാജിവച്ചു. രാജ്യസഭാംഗം ജവഹർ സർകാരാണ്‌ മൂന്നുവർഷം കാലാവധി ബാക്കിയിരിക്കെ രാജിവച്ചത്‌. തൃണമൂൽ കോൺഗ്രസിലും ബംഗാൾ സർക്കാരിലും അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും മുഖ്യമന്ത്രിക്കയച്ച രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക്‌ വിശ്വാസം നഷ്‌ടപ്പെട്ടു. തിരുത്തിയില്ലെങ്കിൽ ബംഗാൾ വർഗീയ ശക്തികളുടെ കൈപ്പിടിയിലാകും. കൊലപാതകത്തെ തുടർന്നുണ്ടായ ജൂനിയർ ഡോക്‌ടർമാരുടെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ പ്രതീക്ഷിച്ചിട്ടും അതുണ്ടായില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ല. ഇരയ്‌ക്കുവേണ്ടി നടന്ന പ്രതിഷേധങ്ങൾ സർക്കാരിനും പാർടിക്കുംകൂടി എതിരായിരുന്നു–-കത്തിൽ പറഞ്ഞു.   അഴിമതിക്കെതിരെ സംസാരിച്ചപ്പോൾ പാർടിയിലെ മുതിർന്ന നേതാക്കൾ ദ്രോഹിച്ചെന്നും പഞ്ചായത്ത്‌, മുനിസിപ്പൽ നേതാക്കൾ വരെ സമ്പത്ത്‌ വാരിക്കൂട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസാർ ഭാരതി മുൻ തലവൻ കൂടിയായ ജവഹർ 2021ലാണ്‌ രാജ്യസഭാംഗമായത്‌. Read on deshabhimani.com

Related News