ആര്‍എസ്എസ് നേതാക്കള്‍ എഴുതിയ 88 പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍



ഭോപ്പാല്‍ > ആര്‍എസ്എസ് നേതാക്കള്‍ എഴുതിയ 88 പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനത്തെ സ്വകാര്യ കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍. ആര്‍എസ്എസ് എഴുത്തുകാരായ ദിനനാഥ് ബത്ര, സുരേഷ് സോണി, ഡോ.അതുല്‍ കോത്താരി, ദേവേന്ദ്ര റാവു ദേശ്മുഖ്, എന്നിവരുടെ പുസ്തകങ്ങളാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വീരേന്ദ്ര ശുക്ല, കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഉള്‍പ്പെടുത്തിയത്. ദിനനാഥ് ബത്രയുടെ മാത്രമായി 14 പുസ്തകങ്ങളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പഞ്ചാബ് വിപ്ലവ കവിയായ അവതാര്‍ പാഷിന്റെ 'സബ്സെ ഖതര്‍നാക്' എന്ന കവിത പ്ലസ് വണ്‍ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ഇയാള്‍ വിദ്യാ ഭാരതി മുന്‍ ജനറല്‍ സെക്രട്ടറിയാണ്. കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന 88 പുസ്തകങ്ങള്‍ ഉടന്‍ തന്നെ വാങ്ങാനും ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഈ പുസ്തങ്ങളില്‍ ചിലതിന് 11,000 രൂപയോളം വില വരും. എന്നാല്‍ ധനസമാഹരണത്തിലൂടെ ഈ പണം കണ്ടെത്താനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ആര്‍എസ്എസ് എഴുത്തുകാരായ ഇവരെല്ലാവരും തന്നെ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സംഘടനയായ വിദ്യാ ഭാരതിയുമായി ബന്ധമുള്ളവരാണ്.ആര്‍എസ്എസ് ദേശീയ വാദികളുടെ ഒരു സാമൂഹിക സംഘടനയായതിനാല്‍ അവരുടെ ലേഖനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് പങ്കജ് ചതുര്‍വേദി  പറയുന്നത് സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലാത്ത ആര്‍എസ്എസിനെ ബഹുമാനിക്കാനാണ് ഈ നീക്കത്തിലൂടെ നിര്‍ദേശിച്ചിരിക്കുന്നതെന്നും എന്നാല്‍ ഈ എഴുത്തുകാര്‍ക്കൊന്നും തന്നെ വിദ്യാഭ്യാസവുമായി ഒരു ബന്ധമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെകെ മിശ്ര പ്രതികരിച്ചു. അതിനാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇവയെല്ലാം റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   Read on deshabhimani.com

Related News