ഇനി നേരിടുക നിയമപരമായി: വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് സായ് പല്ലവി



ചെന്നൈ > തനിക്കെതിരെ വരുന്ന വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി സായ് പല്ലവി. ഇതു വരെ നിശബ്ദത പാലിച്ചെന്നും എന്നാൽ ഇനി വ്യാജവാർത്തകളെ നിയമപരമായി നേരിടുമെന്നും നടി എക്സിൽ കുറിച്ചു. തമിഴ്നാട്ടിലെ പ്രമുഖ മാധ്യമത്തിൽ വന്ന വാർത്തയും പങ്കുവച്ചുകൊണ്ടാണ് നടിയുടെ പ്രതികരണം. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ചിത്രത്തിനു വേണ്ടി നടി മാംസാഹാരം ഉപേക്ഷിച്ചെന്നും വെജിറ്റേറിയൻ ആയെന്നുമായിരുന്നു വാർത്ത. വെജിറ്റേറിയനായി തുടരാൻ സായി പല്ലവി സെറ്റുകളിൽ പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നുണ്ടെന്നും വെജിറ്റേറിയൻ ഭക്ഷണങ്ങൾ പാചകം ചെയ്യാനായി ഒരു സംഘം നടിയുടെ ഒപ്പമുണ്ടാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിലാണ് രൂക്ഷ പ്രതികരണവുമായി നടി രം​ഗത്തെത്തിയത്. സത്യസന്ധമല്ലാത്ത കാര്യങ്ങൾ കാണുമ്പോൾ നിശബ്ദതയാണ് തിരഞ്ഞെടുക്കാറുള്ളതെന്നും എന്നാൽ ഇനി ഇത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും സായ് പല്ലവി പറഞ്ഞു.  അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളോ വസ്തുതാവിരുദ്ധമായ പ്രസ്താവനകളോ പ്രചരിക്കുമ്പോൾ എപ്പോഴും നിശബ്ദത പാലിക്കാറാണ് പതിവ്. എന്നാൽ ഇത് തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പ്രത്യേകിച്ച് എന്റെ സിനിമകൾ റിലീസ് ചെയ്യുന്ന സമയത്തും കരിയറിൽ ഞാൻ ഏറെ സന്തോഷിക്കുന്ന സമയത്തുമാണ് ഇത് തുടരുന്നത്. ഇനി ഏതെങ്കിലും പ്രമുഖ മാധ്യമങ്ങളോ വ്യക്തികളോ വാർത്തയായോ ഗോസ്സിപ്പായോ ഇത്തരം കഥകളുമായി വന്നാൽ നിയമപരമായിട്ടായിരിക്കും നേരിടുക- സായ് പല്ലവി എക്സിൽ കുറിച്ചു. താൻ വെജിറ്റേറിയനാണെന്ന് സായ് പല്ലവി മുമ്പും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ സായ് പല്ലവി മാംസാഹാരിയായിരുന്നുവെന്നും സിനിമയിലെ കഥാപാത്രത്തിനു വേണ്ടി മാത്രം വെജിറ്റേറിയനായെന്നുമായിരുന്നു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്തത്. മുമ്പ് സായ് പല്ലവിക്കെതിരെ സംഘപരിവാർ ഉൾപ്പടെയുള്ള തീവ്ര വലതുപക്ഷ ഹാൻഡിലുകളുടെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. 2022 ൽ ഒരു അഭിമുഖത്തിൽ നടത്തിയ പ്രസ്‌താവനയുടെ പേരിലായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചെന്ന്‌ ആക്ഷേപിച്ചാണ്‌ തീവ്രവലതുപക്ഷ ഹാൻഡിലുകൾ ആക്രമണം നടത്തിയത്‌. 2022ൽ പുറത്തിറങ്ങിയ വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട്  നടി അന്ന്‌ നൽകിയ അഭിമുഖത്തിലെ നക്‌സലിസത്തെക്കുറിച്ചുള്ള ഭാഗങ്ങളാണ്‌ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. സിനിമയിൽ നടി നക്‌സെൈലറ്റായാണ്‌ വേഷമിട്ടിരിക്കുന്നത്‌‌. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലുള്ളവരെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമാണ് സായ് പല്ലവി അന്ന് പറഞ്ഞത്. ഏതുതരത്തിലുള്ള അക്രമവും തനിക്ക്‌ ശരിയായി തോന്നുന്നില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അക്രമമല്ല മാർഗമെന്നും സായ് പല്ലവി അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ ഭാഗം മാത്രം കട്ട്‌ ചെയ്‌താണ്‌ തീവ്രവലതുപക്ഷ ഹാൻഡിലുകൾ ആക്രമണം നടത്തുന്നത്‌. നടിയുടെ അമരൻ സിനിമ പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു ആക്രമണം. 'രാമായണ" സിനിമയിൽ നിന്ന്‌ സായ്‌ പല്ലവിയെ ഒഴിവാക്കാനും ഇവർ ആവശ്യപ്പെട്ടു.   മുമ്പ്‌ തെലുഗു ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍, കശ്മീരി പണ്ഡിറ്റുകളുടെ നേരെ നടന്ന ക്രൂരകൃത്യങ്ങള്‍ തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നു, മുസ്ലീം സമുദായത്തില്‍പ്പെട്ടവർക്കെതിരെ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ തന്നെ അസ്വസ്ഥയാക്കുന്നു, നമ്മുടെ സമൂഹത്തിലെ എല്ലാതലത്തിലുമുള്ള ഹിംസാത്മകതകളും അവസാനിപ്പിക്കണം എന്ന് നടി അഭിപ്രായപെട്ടിരുന്നു. ഇതിനെതിരെ നടി സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. Read on deshabhimani.com

Related News