സാംസങ് സമരം : പന്തല്‍ പൊളിച്ച് പൊലീസ് ; 250 തൊഴിലാളികളെ അറസ്റ്റുചെയ്തു



ചെന്നൈ ശ്രീപെരുമ്പുതൂരിലെ സാംസങ് ഇന്ത്യ ഇലക്‌ട്രോണിക്‌സ്‌ പ്ലാന്റിനു മുന്നിൽ സമരം ചെയ്യുന്ന സിഐടിയു നേതൃത്വത്തിലുള്ള സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ നേതാക്കളെയും പ്രവർത്തകരെയും കാഞ്ചീപുരം പൊലീസ് അറസ്റ്റുചെയ്തു.  സിഐടിയു ദേശീയ വൈസ്‌പ്രസിഡന്റ്‌ എ സൗന്ദരരാജനും സംസ്ഥാന സെക്രട്ടറിയും സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റുമായ ഇ മുത്തുകുമാറും അടക്കമുള്ള നേതാക്കളെയും 250 ഓളം തൊഴിലാളികളെയും അറസ്റ്റുചെയ്തു. സ്വകാര്യഭൂമിയിലാണെന്ന് ആരോപിച്ച് സമരപന്തൽ പൊലീസ് പൊളിച്ചുനീക്കി. പ്രവര്‍ത്തകര്‍ സമരഭൂമിയിൽ പ്രവേശിക്കുന്നതും തടഞ്ഞു. സമരത്തിലുള്ള പത്തു തൊഴിലാളികളെ  വീടുകളിലെത്തി ചൊവ്വാഴ്ച രാത്രി പൊലീസ് അറസ്റ്റുചെയ്തു. പൊലീസ് നടപടി അവ​ഗണിച്ച് ബുധനാഴ്ച നൂറുകണക്കിന് തൊഴിലാളികള്‍ പ്രതിഷേധവുമായെത്തി. ഇവരെ ബലം പ്രയോ​ഗിച്ച്  അറസ്റ്റുചെയ്‌തു. പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമുയര്‍ന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിസികെ നേതാവ് തൊൽ തിരുമാവളവൻ രം​ഗത്തെത്തി. വേതന വർധനയും യൂണിയന്റെ അം​ഗീകാരവും ആവശ്യപ്പെട്ട് സെപ്തംബർ ഒമ്പതുമുതലാണ് ഇവിടെ സമരം തുടങ്ങിയത്. കഴിഞ്ഞദിവസം ചെറിയൊരു വിഭാഗം തൊഴിലാളികളെ ചേര്‍ത്ത് വർക്സ്‌ കമ്മിറ്റി എന്ന പേരിൽ മാനേജ്‌മെന്റുമായി തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ ധാരണയുണ്ടാക്കി. എങ്കിലും ഭൂരിഭാഗം തൊഴിലാളികളും സമരം തുടരുകയാണ്.  ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കണമെന്നതാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. ശ്രീപെരുമ്പുതൂർ പ്ലാന്റിൽ 40 സ്‌ത്രീകളടക്കം 1810 സ്ഥിരം തൊഴിലാളികളാണുള്ളത്‌. സമീപകാലത്ത്‌ 370 കരാർ തൊഴിലാളികളെ നിയമിച്ചു. അപലപിച്ച്‌ സിഐടിയു തൊഴിലാളി യൂണിയനെ അം​ഗീകരിക്കാത്ത സാംസങ്‌ കമ്പനി മാനേജ്‌മെന്റിനെതിരായ സമരത്തിന്‌ നേതൃത്വം നൽകിയ സിഐടിയു ദേശീയ വൈസ്‌പ്രസിഡന്റ്‌ എ സൗന്ദരരാജനെയും സംസ്ഥാന സെക്രട്ടറി ഇ മുത്തുകുമാറിനെയും  തൊഴിലാളികളെയും അറസ്റ്റുചെയ്ത പൊലീസ്‌ നടപടിയെ സിഐടിയു അപലപിച്ചു. യൂണിയൻ രൂപീകരണത്തിനുള്ള തൊഴിലാളികളുടെ അവകാശം അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ആവശ്യപ്പെട്ടു. സാംസങ്‌ മാനേജ്‌മെന്റിന്‌ സംസ്ഥാനത്തെ മൂന്ന്‌ മന്ത്രിമാരാണ്‌ സംരക്ഷണം ഒരുക്കുന്നത്‌.  ഭൂരിഭാഗം തൊഴിലാളികളും യൂണിയൻ രൂപീകരണം ആവശ്യപ്പെടുന്നു. എന്നാല്‍, സംസ്ഥാന സർക്കാർ രജിസ്‌ട്രേഷൻ നല്‍കുന്നില്ല. ഇത്തരം നടപടികള്‍ ഐഎൽഒ ചട്ടങ്ങൾക്ക്‌ വിരുദ്ധവുമാണ്–- തപന്‍ സെന്‍ പറഞ്ഞു. Read on deshabhimani.com

Related News