മുന്‍ കേന്ദ്രമന്ത്രിയും പ്രശസ്ത‌ അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു

photo credit:ANI twitter


ന്യൂഡൽഹി   പ്രമുഖ അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയുമായ ശാന്തിഭൂഷൺ (97) അന്തരിച്ചു. അന്ത്യം ചൊവ്വ വൈകിട്ട് ഏഴിന്‌ ഡൽഹിയിലെ വസതിയില്‍. 1977 മുതൽ 1979 വരെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമമന്ത്രിയായി.1975ൽ ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന്‌ നീക്കിയ അലഹബാദ് ഹൈക്കോടതി കേസിൽ ഇന്ദിരയുടെ എതിര്‍സ്ഥാനാര്‍ഥി രാജ് നാരായനുവേണ്ടി ഹാജരായത്‌ ശാന്തിഭൂഷണായിരുന്നു. ഈ വിധിയെ തുടർന്നാണ്‌  ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. കോണ്‍​ഗ്രസ് അം​ഗമായിരുന്ന ശാന്തിഭൂഷന്‍ രാജ്യസഭാ എംപിയുമായി. 1980ല്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും ആറുവര്‍ഷത്തിനുശേഷം പാര്‍ടിവിട്ടു. 2012ല്‍ ആം ആദ്മി പാര്‍ടി രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെങ്കിലും പിന്നീട് പാര്‍ടിയില്‍നിന്ന് അകന്നു. പൗരാവകാശങ്ങൾ ഉയര്‍ത്തിപ്പിടിക്കാനും അഴിമതിയെ ചെറുക്കാനും  പൊതുതാൽപ്പര്യ ഹർജികളിലൂടെ ശക്തമായി ഇടപെട്ടു. 1980ൽ പൊതുതാൽപ്പര്യ ഹർജികൾക്കായി സെന്റർ ഫോർ പബ്ലിക്‌ ലിറ്റിഗേഷൻ എന്ന എൻജിഒ സ്ഥാപിച്ച്‌ നിരവധി നിയമപോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി. ഹർജി കേൾക്കാൻ  ബെഞ്ചുകൾ രൂപീകരിക്കുന്നതിൽ  സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചീഫ്‌ ജസ്‌റ്റിസുമാർക്കുള്ള ഭരണപരമായ അധികാരത്തിൽ മാറ്റം ആവശ്യപ്പെട്ട്‌ 2018ൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോര്‍ട്ടിങ് ‍ഡെസ്റ്റിനി, മൈ സെക്കന്‍ഡ് ഇന്നിങ്ങ്സ് എന്നീ ​ഗ്രന്ഥങ്ങള്‍ രചിച്ചു. പ്രശസ്‌ത അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത്ഭൂഷൺ മകനാണ്‌. Read on deshabhimani.com

Related News