ബാങ്ക് ജീവനക്കാര്‍ക്കും രക്ഷയില്ല ; കഴിവുകെട്ടവരാക്കി പിരിച്ചുവിടും
ന്യൂഡൽഹി ജോലിയിൽ ‘കഴിവുകെട്ടവർ’ എന്ന മുദ്രകുത്തി പൊതുമേഖലാ ബാങ്ക് ജീവനക്കാരെ സർവീസ് പൂർത്തിയാകുംമുമ്പേ പിരിച്ചുവിടാൻ മാനേജ്‌മെന്റുകൾക്ക് കേന്ദ്രസർക്കാർ നിർദേശം. എസ്‌ബിഐയുടെയും മറ്റ് പൊതുമേഖലാ ബാങ്കുകളുടെയും ഉന്നത മാനേജ്‌മെന്റിന് ധനസേവന വകുപ്പ് വഴി ധനമന്ത്രാലയമാണ് നിർദേശം നൽകിയത്. കേന്ദ്രത്തിന്റെ ഏകപക്ഷീയ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം അമ്പത് വയസ്സ് പൂർത്തിയാവുകയോ സർവീസിൽ 25 വർഷം പൂർത്തിയാക്കുകയോ ചെയ്‌ത എസ്‌ബിഐ ഓഫീസർമാരുടെ പ്രവൃത്തിമികവ് ഉന്നത മാനേജ്‌മെന്റ് തുടർച്ചയായി വിലയിരുത്തണം. മികവില്ലാത്ത ഓഫീസർമാരെ മൂന്നുമാസത്തെ നോട്ടീസ് സമയം നൽകി പിരിച്ചുവിടണം. മറ്റ് ബാങ്കുകളിലെ ഓഫീസർമാരുടെ കാര്യത്തിൽ 55 വയസ്സ് പൂർത്തിയാവുകയോ സർവീസിൽ 30 വർഷം പൂർത്തീകരിക്കുകയോ ചെയ്‌താൽ പ്രവൃത്തിമികവ് വിലയിരുത്തണം. ജോലിയിൽ മോശമെന്ന് കണ്ടെത്തുന്നവരെ മൂന്നുമാസത്തെ നോട്ടീസ് സമയം നൽകി പറഞ്ഞുവിടാം. എസ്‌ബിഐയിലെ ക്ലർക്കുമാരുടെയും മറ്റ് ജീവനക്കാരുടെയും മികവ് വിലയിരുത്തൽ 58–-ാം വയസ്സ് മുതൽ ആരംഭിക്കും. മികവ് കുറഞ്ഞവരെന്ന് കണ്ടെത്തുന്നവരെ രണ്ടുമാസം നോട്ടീസ് സമയം നൽകി പറഞ്ഞയക്കണം. മറ്റ് പൊതുമേഖലാ ബാങ്കുകളിലെ ക്ലർക്കുമാരുടെയും മറ്റ് ജീവനക്കാരുടെയും മികവ് പരിശോധന 57 വയസ്സെത്തുമ്പോൾ നടത്തും. ഇവിടെയും മികവില്ലാത്തവരെന്ന് കണ്ടെത്തുന്നവരെ രണ്ടുമാസം സമയം നൽകി പറഞ്ഞുവിടും. സർക്കാർ നിർദേശം പ്രകോപനപരവും ഏകപക്ഷീയവുമാണെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടി. ജീവനക്കാരും മാനേജ്‌മെന്റുകളുമായുള്ള നിലവിലെ ധാരണകളുടെ ലംഘനമാണിതെന്നും ബാങ്കിങ് മേഖലയിലെ തൊഴിൽസുരക്ഷ അട്ടിമറിക്കപ്പെടുമെന്നും സംഘടനകൾ പറയുന്നു. സർക്കാർ തീരുമാനത്തിനെതിരായി മഹാരാഷ്ട്രയിൽ ബാങ്ക് യൂണിയനുകളുടെ ഐക്യവേദി നവംബർ 16ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. Read on deshabhimani.com