‘തോന്നിയതുപോലെ ചെയ്യരുത്, രാജഭരണമല്ല’ ; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് സുപ്രീംകോടതിയുടെ ശകാരം
ന്യൂഡൽഹി വകുപ്പുതല നടപടികൾ നേരിട്ട ഐഎഫ്‌എസ് ഉദ്യോഗസ്ഥനെ ദേശീയ കടുവാസംരക്ഷണകേന്ദ്രം ഡയറക്ടറായി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് സുപ്രീംകോടതിയുടെ കടുത്ത ശകാരം. ‘രാജാവിന്റെ ഇച്ഛാനുസരണം കാര്യങ്ങൾ നടന്നിരുന്ന നാടുവാഴിത്ത കാലമൊക്കെ മാറി. മുഖ്യമന്ത്രിയായത് കൊണ്ട് എന്തും ചെയ്യാമെന്നാണോ ഭാവം?. ഭരണത്തലവൻമാർക്ക് തോന്നിയത് പോലെ ഒന്നും ചെയ്യാനാകില്ല ’–- ജസ്‌റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർസിങ്ങ് ദാമിയെ ഓർമിപ്പിച്ചു. അടുത്ത വാദംകേൾക്കലിനുമുമ്പ് സംസ്ഥാനസർക്കാരിനോട് സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. വനംവകുപ്പും ചീഫ്‌സെക്രട്ടറിയും കേന്ദ്ര എംപവേർഡ് കമ്മിറ്റിയും (സിഇസി) നൽകിയ നിരവധി ശുപാർശകൾ അവഗണിച്ചാണ് മുഖ്യമന്ത്രി ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ രാഹുലിനെ ഉത്തരാഖണ്ഡിലെ രാജാജി കടുവാസംരക്ഷണകേന്ദ്രത്തിന്റെ ഡയറക്ടറാക്കിയത്. ജിംകോർബറ്റ് ദേശീയ ഉദ്യാനം ഡയറക്ടറായിരുന്ന കാലയളവിൽ രാഹുൽ അനധികൃതനിർമാണത്തിന്റെയും മരങ്ങൾ മുറിച്ചതിന്റെയുംപേരിൽ വകുപ്പുതലനടപടി നേരിട്ടിരുന്നു. ജിംകോർബറ്റ് ദേശീയഉദ്യാനത്തിലെ നിയമവിരുദ്ധ നടപടികളെക്കുറിച്ച് സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. രാഹുൽ വകുപ്പുതല നടപടികൾ നേരിട്ട ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ കടുവാസംരക്ഷണ കേന്ദ്രത്തിന്റെ താക്കോൽസ്ഥാനത്ത് നിയമിക്കരുതെന്നും ഡെപ്യൂട്ടി സെക്രട്ടറി റിപ്പോർട്ട് നൽകി. ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോർട്ടിനെ പ്രിൻസിപ്പൽസെക്രട്ടറിയും വനം മന്ത്രിയും ശരിവച്ചു. ഈ റിപ്പോർട്ടുകളെല്ലാം അവഗണിച്ചാണ് മുഖ്യമന്ത്രി രാഹുലിനെ രാജാജി കടുവാസംരക്ഷണകേന്ദ്രം ഡയറക്ടറായി നിയമിച്ചത്. Read on deshabhimani.com