ഹിൻഡൻബർഗ് റിപ്പോർട്ട്: സെബി മേധാവി സ്ഥാനമൊഴിയണം- സിപിഐ എം



ന്യൂഡൽഹി > ഓഹരിവിപണിയിലെ പരമോന്നത നിയന്ത്രണ ഏജൻസിയായ സെബിയുടെ ചെയർപേഴ്സണ് അദാനി ​ഗ്രൂപ്പിന്റെ നിഴൽ കമ്പനികളിൽ പങ്കുണ്ടെന്ന ഹിൻഡൻബർ​​ഗ് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സെബി മേധാവി മാധബി പുരി സ്ഥാനമൊഴിയണമെന്ന് സിപിഐ എം പിബി. സെബിയുടെ ചെയർപേഴ്സൺ മാധബി പുരിക്കും ഭർത്താവിനും അദാനി ​ഗ്രൂപ്പിന്റെ നിഴൽ കമ്പനികളിൽ പങ്കുണ്ടെന്നാണ് അമേരിക്കൻ നിക്ഷേപ ​ഗവേഷണ സ്ഥാപനമായ ഹിൻഡൻബർ​ഗ് വെളിപ്പെടുത്തിയത്. അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബർമുഡയിലെയും മൗറീഷ്യസിലെയും നി​ഗൂഢമായ നിഴൽകമ്പനികളിൽ മാധബി പുരിയ്ക്കും ഭർത്താവ് ധാവൽ ബുച്ചിനും പങ്കാളിത്തമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. വെളിപ്പെടുത്തൽ അതീവ ​ഗുരുതരമാണെന്നും കൃത്യമായ അന്വേഷണം നടക്കുന്നതുവരെ മാധബി പുരി സെബിയുടെ ചെയർപേഴ്സൺ സ്ഥാനത്തു നിന്ന് മാറി നിൽക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിൻ്റെ ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ചുള്ള മുഴുവൻ സംഭവങ്ങളും സംയുക്ത പാർലമെൻ്ററി കമ്മിറ്റി രൂപീകരിച്ച് അന്വേഷിക്കണമെന്നും സിപിഐ എം പിബി ആവശ്യപ്പെട്ടു.       Read on deshabhimani.com

Related News