മാധബി പുരിക്കെതിരെ സെബി ജീവനക്കാര്‍ ; കോർപറേറ്റ് കാര്യ മന്ത്രാലയത്തിന് പരാതി
ന്യൂഡൽഹി സെബി(സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യിൽ മാധബി പുരി ബുച്ച് മേധാവിയായി വന്നശേഷം തൊഴിൽ അന്തരീക്ഷം വളരെ മോശമാണെന്ന് കാണിച്ച് ജീവനക്കാർ കോർപറേറ്റ് കാര്യ മന്ത്രാലയത്തിന് പരാതി നൽകി. ജീവനക്കാർക്കുനേരെ സെബി ഉന്നതർ പരുഷവാക്കുകൾ ഉപയോഗിക്കുന്നു, ചെയ്‌തുതീർക്കാൻ കഴിയാത്ത ജോലിഭാരം അടിച്ചേൽപിക്കുന്നു, ചെറിയ ജോലികളിൽവരെ പ്രമുഖർ നേരിട്ട് ഇടപെട്ട് വഷളാക്കുന്നു തുടങ്ങിയ പരാതികളാണ് ജീവനക്കാർക്കുള്ളത്. ഓരോ മിനിറ്റിലും ജീവനക്കാരുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു. ഭയമാണ് സ്ഥാപനത്തിൽ നിറഞ്ഞുനിൽക്കുന്നത്. ഇത്തരം അന്തരീക്ഷത്തിൽ പ്രവർത്തിക്കേണ്ടിവരുന്നത് ജീവനക്കാരുടെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നും ജീവിതക്രമമാകെ താളംതെറ്റിയെന്നും പരാതിയിൽ പറയുന്നു. ജീവനക്കാർ റോബോട്ടുകളല്ല, സ്വിച്ചിട്ടാൽ വർധിപ്പിക്കാൻ കഴിയുന്നതല്ല തൊഴിൽശേഷി. അട്ടഹസിക്കുക, മറ്റുള്ളവരുടെ മുന്നിൽവച്ച് ആക്ഷേപിക്കുക എന്നിവ പതിവാണ്. മുതിർന്ന ജീവനക്കാർ പ്രതികാര നടപടികൾ ഭയന്ന് നിശബ്ദമായി സഹിക്കുകയാണെന്ന് അഞ്ച് പേജ് വരുന്ന കത്തിൽ പറഞ്ഞു. ആഗസ്‌ത് ആറിനാണ് ജീവനക്കാർ പരാതി നൽകിയത്. എന്നാൽ മാധബി സെബി മേധാബിയായിരിക്കെ ഐസിഐസിയിൽനിന്ന് 18.60 കോടി രൂപ കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കത്ത് ചോർന്നത്. അവലോകന യോഗങ്ങൾ ചേരുമ്പോൾ കത്തിലെ പരാതി പരിശോധിക്കുമെന്ന് സെബി പ്രതികരിച്ചു. Read on deshabhimani.com