മതേതരത്വം യൂറോപ്യൻ നിർമിതി, ഇന്ത്യയ്ക്ക്‌ അത്‌ ആവശ്യമില്ല; തമിഴ്‌നാട് ഗവർണറുടെ വിവാദ പരാമർശം

photo credit: X


ചെന്നൈ> മതേതരത്വം യൂറോപ്യൻ നിർമിതിയാണെന്നും അതിനാൽ തന്നെ ഇന്ത്യയ്ക്ക്‌ അത്‌ ആവശ്യമില്ലെന്ന വിവാദ പരാമർശവുമായി തമിഴ്‌നാട് ഗവർണർ ആർ എൻ രവി. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ്‌ ഗവർണർ വിവാദ പരാമർശം നടത്തിയത്‌.  പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമെന്നാണ്‌ രവി മതേതരത്വത്തെ വിശേഷിപ്പിച്ചത്. അതിനാൽ അതിന്‌ ഇന്ത്യയിൽ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 1976ൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം കൂട്ടിച്ചേര്‍ത്തതിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 'ഈ രാജ്യത്തെ ആളുകളോട് ഒരുപാട് വഞ്ചിച്ചിട്ടുണ്ട്, അതിലൊന്നാണ് അവർ മതേതരത്വത്തിന് തെറ്റായ വ്യാഖ്യാനം നൽകാൻ ശ്രമിച്ചത്. മതേതരത്വം എന്താണ് അർത്ഥമാക്കുന്നത്? മതേതരത്വം ഒരു യൂറോപ്യൻ സങ്കൽപ്പമാണ്, അത് ഒരു ഇന്ത്യൻ സങ്കൽപ്പമല്ല, യൂറോപ്പിൽ മതേതരത്വം ഉണ്ടായത് സഭയും രാജാവും തമ്മിൽ വഴക്കുണ്ടായതുകൊണ്ടാണ്. ഇന്ത്യ എങ്ങനെ ധർമ്മത്തിൽ നിന്ന് അകന്നുപോകും? മതേതരത്വം ഒരു യൂറോപ്യൻ സങ്കൽപ്പമാണ്, അത് അവിടെ മാത്രം നിൽക്കട്ടെ. ഇന്ത്യയിൽ മതേതരത്വത്തിന്റെ ആവശ്യമില്ല'. ഇതായിരുന്നു രവി നടത്തിയ പ്രസ്താവന. തമിഴ്‌നാട് ഗവർണറുടെ വിവാദ പ്രസ്താവനയ്ക്കെതിരെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പ്രതികരിച്ചു. രവിയുടെ പരാമർശത്തിൽ നിന്ന്‌   അദ്ദേഹം "ഭരണഘടനയ്ക്ക്  വലിയ മൂല്യം നൽകുന്നില്ല" എന്ന്‌ മനസിലാക്കാൻ സാധിക്കുമെന്നും ബൃന്ദ കാരാട്ട്‌ കൂട്ടിച്ചേർത്തു. ഭരണഘടനയെയും വൈദേശിക സങ്കൽപ്പമായാണ്‌ ഗവർണർ കാണുന്നതെന്നും  രാജ്യത്തിന്റെ  പരമോന്നത നിയമത്തിൽ വിശ്വസിക്കാത്തവരെ ബിജെപി ഗവർണർമാരായി നിയമിക്കുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധമാണെന്ന് തമിഴ്‌നാട്ടിലെ വിരുദുനഗറിൽ നിന്നുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോറും എക്‌സിൽ കുറിച്ചു.   Read on deshabhimani.com

Related News