വനിതാ ഗുസ്‌തി
താരങ്ങള്‍ക്കുള്ള സുരക്ഷ 
പുനഃസ്ഥാപിച്ചു



ന്യൂഡൽഹി ബിജെപി മുൻ എംപിയും ഇന്ത്യൻ ഗുസ്‌തി ഫെഡറേഷന്റെ മുൻ അധ്യക്ഷനുമായ ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിന്‌ എതിരെ ലൈംഗികാതിക്രമ പരാതി നൽകിയ ഗുസ്‌തിതാരങ്ങൾക്കുണ്ടായിരുന്ന പൊലീസ്‌ സംരക്ഷണം ഡൽഹി കോടതി ഇടപെടലിനെ തുടർന്ന്‌ പുനഃസ്ഥാപിച്ചു. ഡൽഹി പൊലീസ്‌ ഏകപക്ഷീയമായി സുരക്ഷ പിൻവലിച്ചതായി വിനീഷ്‌ ഫോഗട്ടും സാക്ഷിമലിക്കും ഉൾപ്പടെയുള്ള ഗുസ്‌തിതാരങ്ങൾ പരാതിപ്പെട്ടതിനെ തുടർന്നാണ്‌ റൗസ്‌ അവന്യു കോടതിയുടെ ഇടപെടൽ. ബ്രിജ്‌ഭൂഷണ്‌ എതിരെ പരാതി നൽകിയ ഗുസ്‌തിതാരങ്ങളിൽ ഒരാൾ കോടതിയിൽ ഹാജരായി മൊഴി നൽകുന്നതിന്‌ മണിക്കൂറുകൾ മുമ്പാണ്‌ സുരക്ഷ പിൻവലിച്ചത്‌. വിനീഷ്‌ ഫോഗട്ട്‌ സമൂഹമാധ്യമമായ എക്‌സിലൂടെയാണ്‌ ഡൽഹി പൊലീസിന്റെ വിവാദ നടപടി അറിയിച്ചത്‌.  ഗുസ്‌തി താരങ്ങൾ കൂടുതൽ തങ്ങുന്നത്‌ ഹരിയാനയിൽ ആയതിനാൽ അവിടുത്തെ പൊലീസിന്‌ സുരക്ഷാചുമതല കൈമാറാനുള്ള നീക്കം തെറ്റിദ്ധാരണ ഉണ്ടാക്കിയതോടെ പൊലീസുകാർ ഡ്യൂട്ടിക്ക്‌ എത്താൻ വൈകുകയായിരുന്നെന്നാണ്‌ വിശദീകരണം. Read on deshabhimani.com

Related News