മധ്യ വർഗ കുടുംബത്തിലെ കോളേജ് വിദ്യാർഥിനിയായിരുന്ന തന്നെ അങ്കൂറിലെ ലക്ഷ്മി ആക്കി മാറ്റിയത്‌ ശ്യാം ബെനഗൽ: ശബാന ആസ്‌മി



ന്യൂഡൽഹി > മധ്യ വർഗ കുടുംബത്തിലെ കോളേജ് വിദ്യാർഥിനിയായിരുന്ന തന്നെ അങ്കൂറിലെ ലക്ഷ്മി ആക്കി മാറ്റിയത്‌ ശ്യാം ബെനഗലാണ്‌ എന്നായിരുന്നു കഴിഞ്ഞ ഐഎഫ്‌എഫ്‌കെയിൽ പ്രശസ്‌ത നടി ശബാന ആസ്‌മി പറഞ്ഞ വാക്കുകൾ. ശബാന അഭിനയിച്ച്‌ ബെനഗൽ സംവിധാനം ചെയ്ത ‘അങ്കുർ’ എന്ന ചിത്രം മേളയിൽ പ്രദർശിപ്പിക്കുന്നതിന്‌ മുന്നോടിയായാണ്‌ അഭിനേത്രി സംവിധായകനെ കുറിച്ച്‌ സംസാരിച്ചത്‌. ബെനഗലിന്റെ 90-ാം പിറന്നാൾ കൂടിയായിരുന്നു അന്ന്‌. പിറന്നാൾ ആഘോഷിച്ച്‌ ദിവസങ്ങൾ മാത്രം പിന്നിടുന്ന വേളയിലാണ്‌ ഇന്നലെ ശ്യാം ബെനഗൽ ലോകത്തോട്‌ വിട പറഞ്ഞത്‌. അങ്കൂർ തനിക്ക് ഏറെ പ്രാധാന്യമുള്ള പ്രിയപ്പെട്ട ചിത്രമെന്ന് പറഞ്ഞ ശബാന ആസ്മി നഗരത്തിലെ മധ്യ വർഗ കുടുംബത്തിലെ കോളേജ് വിദ്യാർഥിനിയായിരുന്ന തന്നെ അങ്കൂറിലെ ലക്ഷ്മി ആക്കി മാറ്റാൻ സംവിധായകൻ ശ്യാം ബെനഗൽ നടത്തിയ രസകരമായ ശ്രമങ്ങൾ ഓർത്തെടുക്കുകയും ചെയ്തു. ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധ നേടിയ ‘അങ്കുർ’ 50 വർഷങ്ങൾക്കു ശേഷവും ആസ്വദിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണെന്നും അവർ കൂട്ടിച്ചേർത്തു. ശ്യാം ബെനഗലിന്റെ പിറന്നാൾ ദിനത്തിൽ ഇതേ വേദിയിൽ ചിത്രം പ്രദർശിപ്പിക്കുന്നത് ഏറെ സന്തോഷം നൽകുന്നതായും നടി അറിയിച്ചു. 29-ാമത്‌ ഐഎഫ്‌എഫ്‌കെയിൽ സെലബ്രേറ്റിങ്‌ ശബാന ആസ്‌മി വിഭാഗത്തിലാണ്‌ അങ്കുർ പ്രദർശിപ്പിച്ചത്‌. ഡിസംബർ 14ന്‌ കൈരളി തീയറ്ററിൽ നടന്ന സിനിമയുടെ പ്രദർശനത്തിന്‌ മുന്നോടിയായി സംസാരിക്കവെയായിരുന്നു ബെനഗലിനെ കുറിച്ചുള്ള ശബാനയുടെ വാക്കുകൾ. ഫ്യൂഡലിസവും വർഗ രാഷ്‌ട്രീയവും സംസാരിച്ച അങ്കുർ ആയിരുന്നു ഇന്ത്യൻ സിനിമയുടെ മുഖങ്ങളിലൊന്നായി ശ്യാം ബെനഗലിനെ അടയാളപ്പെടുത്തിയത്‌. ശബാന ആസ്‌മി എന്ന അഭിനേത്രിയെ ബെനഗൽ ലോകത്തിന്‌ മുന്നിൽ അവതരിപ്പിച്ചതും അങ്കുറിലൂടെ തന്നെയായിരുന്നു. Read on deshabhimani.com

Related News