ഷിരൂർ മണ്ണിടിച്ചിൽ: ഗംഗാവലിപ്പുഴയിൽ ലോറിയുടെ ഭാ​ഗങ്ങൾ കണ്ടെത്തിയെന്ന് മാൽപെ

ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ


കാർവാർ > ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി കണ്ടെത്തിയെന്ന് മുങ്ങൽ വിദ​ഗ്​ദ്ധൻ ഈശ്വർ മാൽപെ. ഗംഗാവലിപ്പുഴയിൽ നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ രണ്ട് ടയറിന്റെ ഭാഗങ്ങളും സ്റ്റിയറിങ്ങും കണ്ടെത്തിയത്.  നാവികസേന നിർദേശിച്ച മൂന്നു പോയിന്റുകളിൽ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്തുനിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറിയുടെ സ്ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നും മാൽപെ പറഞ്ഞു. ലോറി അർജുന്റേതാണെന്ന് പറയാറായിട്ടെല്ലെന്നാണ് ലോറി ഉടമ മനാഫ് അറിയിക്കുന്നത്. എന്നാൽ കണ്ടെത്തിയത് അർജുന്റെ ലോറിയുടെ ഭാ​ഗമാണെന്നാണ് കരുതുന്നതെന്നും മറ്റ് ലോറിയൊന്നും പ്രദേശത്ത് കാണാതായിട്ടില്ലെന്നും കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലും പുഴയിൽ പുരോ​ഗമിക്കുന്നുണ്ട്. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് ഡ്രഡ്ജർ കമ്പനിയുമായുള്ള കരാർ. രാവിലെ പുഴയിൽനിന്ന് അക്കേഷ്യ മരക്കഷണങ്ങൾ മാൽപെ കണ്ടെത്തിയിരുന്നു. അർജുന്‍ ലോറിയിൽ കൊണ്ടുവന്ന തടികളാണിതെന്ന് മനാഫ് സ്ഥിരീകരിച്ചിരുന്നു. ഇതേ തരത്തിലുള്ള കൂടുതൽ മരത്തടികൾ അടിത്തട്ടിലുണ്ടെന്ന് മാൽപെ പറഞ്ഞു. ഇന്നലെ നടത്തിയ തിരച്ചിലിൽ ട്രക്കിന്റെ ലോഹഭാഗങ്ങളും കയർ കഷ്ണവും കണ്ടെത്തിയിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് വിശദമായ തിരച്ചിൽ  നടത്തുന്നത്. വെള്ളത്തിന്റെ അടിത്തട്ട് വ്യക്തമായി കാണാമെന്നും കൂടുതൽ തെളിവുകൾ ഇന്ന് കണ്ടെത്താൻ കഴിയുമെന്ന് കരുതുന്നതായും ഈശ്വർ മാൽപെ പറഞ്ഞു. ഇത് അവസാന ശ്രമമാണെന്നും ലോറി കണ്ടെത്താനായില്ലെങ്കിൽ ദൗത്യം അവസാനിപ്പിക്കേണ്ടി വരുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും ഉത്തര കന്നഡ കലക്ടർ എം ലക്ഷ്മിപ്രിയയും വ്യക്തമാക്കി. ജൂൺ 16നാണ് മണ്ണിടിച്ചിലിൽ ലോറിയുമായി അർജുനെ കാണാതായത്.   Read on deshabhimani.com

Related News