മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ പ്രതിപക്ഷം യോജിച്ച് മുന്നേറും: സീതാറാം യെച്ചൂരി



കൊല്‍ക്കത്ത പാർലമെന്റിനെ നോക്കുകുത്തിയാക്കുന്ന മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ പരമാവധി യോജിപ്പോടെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.കൂടുതല്‍ യോജിച്ച മുന്നേറ്റത്തിന് രൂപം നല്‍കാന്‍  മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ യോഗം 20ന് ചേരും.  പ്രതിപക്ഷത്തിന്റെ യോജിച്ച നിലപാടിനു മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്ന ചരിത്രം മുമ്പുണ്ടായിട്ടുണ്ട്. ബൊഫോഴ്സ് അഴിമതി കേസ് ഉദാഹരണം. പ്രതിപക്ഷം ഒന്നടങ്കം രാജിവച്ചതുമൂലം അന്ന് പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരികയും അതിന്റെ ഫലം എന്തായിരുന്നെന്ന് കാണുകയും ചെയ്തു–- യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം പൂർണമായി പാഴായതിന്റെ ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്. ജനങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങളും രാജ്യത്തിന്റെ അസ്തിത്വം ചോദ്യംചെയ്യുന്ന പെ​ഗാസസ് ഫോണ്‍ചോര്‍ത്തലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കാത്തതിലൂടെ പാർലമെന്റിന്റെ ജനാധിപത്യ അധികാരം ഇല്ലാതാക്കി. രാജ്യം അതി​ഗുരുതരമായ സ്ഥിതിയിലാണ്. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച പല രംഗത്തും ദുരന്തമായി. സാമ്പത്തികരംഗം താറുമാറായി. തൊഴിലില്ലായ്മ അതിരൂക്ഷം. വില കുതിച്ചുകയറുന്നു. കോടിക്കണക്കിനാളുകള്‍ ജീവിക്കാൻ നിവൃത്തിയില്ലാതെ വലയുകയാണെന്നും യെച്ചൂരി പറഞ്ഞു. ബംഗാൾ പരാജയത്തിന്റെ കാരണം കേന്ദ്ര കമ്മിറ്റി നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റി വിശദമായി ചർച്ച നടത്തി  നടപടിയെടുക്കുമെന്നും യെച്ചൂരി  പറഞ്ഞു.   Read on deshabhimani.com

Related News