പോരാടും ഞങ്ങളിലൂടെ ; സീതാറാം യെച്ചൂരിക്ക്‌ വികാരനിർഭര യാത്രയയപ്പ്‌

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്‌, അശോക്‌ ധാവ്‌ളെ, തപൻ സെൻ, പ്രകാശ്‌ കാരാട്ട്‌, മണിക്‌ സർക്കാർ, പിണറായി വിജയൻ, ജി രാമകൃഷ്ണൻ, ബി രാഘവുലു, എം വി ഗോവിന്ദൻ, 
എം എ ബേബി എന്നിവർ സീതാറാം യെച്ചൂരിക്ക്‌ ആദരാഞ്ജലി അർപ്പിക്കുന്നു ഫോട്ടോ: പി വി സുജിത്‌


ന്യൂഡൽഹി ഇന്ത്യയെന്ന ആശയത്തെ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക്‌ ഊർജമേകുന്ന അമര സ്‌മരണയായി സീതാറാം യെച്ചൂരി. അനീതിക്കും അസമത്വത്തിനുമെതിരെ അനുസ്യൂതം പോരാടിയ വിപ്ലവനക്ഷത്രം ഇനി ജ്വലിക്കുന്ന ഓർമ. ഇടതുപക്ഷ- പുരോഗമന രാഷ്‌ട്രീയത്തിനും ആശയലോകത്തിനും അസാധാരണ വെളിച്ചം പകർന്ന ജീവിതത്തിനാണ്‌ പൂർണ വിരാമമായത്‌. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ രാജ്യം വികാരനിർഭരവും വീരോചിതവുമായ യാത്രയയപ്പാണ്‌ നൽകിയത്‌.  ആയിരങ്ങളുടെ അന്ത്യാഞ്‌ജലിക്കുശേഷം മൃതദേഹം  വൈദ്യപഠനത്തിനായി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) അനാട്ടമി വിഭാഗത്തിന്‌ കൈമാറി. മൂന്ന്‌ വർഷംമുമ്പ്‌ യെച്ചൂരിയുടെ അമ്മ കൽപ്പകത്തിന്റെ മൃതദേഹവും പഠനത്തിനായി എയിംസിന്‌ വിട്ടുകൊടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത്‌കുഞ്‌ജിലെ വസതി(സീതാസീമ)യിൽനിന്ന്‌ ആംബുലൻസിൽ രാവിലെ പത്തോടെയാണ്‌ മൃതദേഹം സിപിഐ എം ആസ്ഥാനമായ ഭായ് വീർസിങ്‌ മാർഗിലെ എ കെ ജി ഭവനിലേക്ക്‌ കൊണ്ടുവന്നത്‌. യെച്ചൂരിയുടെ ഭാര്യ സീമാ ചിഷ്‌തി, മക്കളായ അഖില, ഡാനിഷ്‌, സഹോദരൻ ശങ്കർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. എ കെ ജി ഭവൻ അങ്കണത്തിലെ പന്തലിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ  പൊളിറ്റ്‌ബ്യൂറോ അംഗങ്ങൾ പുഷ്‌പചക്രം സമർപ്പിച്ചു. പ്രകാശ്‌ കാരാട്ട്‌, മുഖ്യമന്ത്രി പിണറായി വിജയൻ, ബൃന്ദ കാരാട്ട്‌, എം എ ബേബി എന്നിവർ നേതൃത്വം നൽകി. തുടർന്ന്‌ വിവിധ സംസ്ഥാന കമ്മിറ്റികളുടെ പ്രതിനിധികൾ അന്ത്യാഞ്‌ജലി അർപ്പിച്ചു. സിപിഐ എം കേരളഘടകത്തിനുവേണ്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുഷ്‌പചക്രം അർപ്പിച്ചു. തുടർന്ന്‌, ജനജീവിതത്തിന്റെ സമസ്‌തമേഖലയിലുമുള്ളവർ ഒഴുകിയെത്തി പ്രിയനേതാവിന്‌ ആദരാഞ്‌ജലി അർപ്പിച്ചു. വിദ്യാർഥികൾ, തൊഴിലാളികൾ, അധ്യാപകർ, ജീവനക്കാർ, കർഷകർ, കർഷകത്തൊഴിലാളികൾ, വീട്ടമ്മമാർ, വിവിധ രാഷ്‌ട്രീയ പാർടികളുടെയും സാമൂഹ്യസംഘടനകളുടെയും പ്രവർത്തകർ എന്നിവരെല്ലാം പ്രിയനേതാവിനെ അവസാനമായി കാണാനെത്തി. ‘സീതാറാം യെച്ചൂരി അമർ രഹെ’, ‘ലാൽ സലാം, ലാൽ സലാം, കൊമേഡ്ര്‌’ എന്നീ മുദ്രാവാക്യങ്ങളും വിപ്ലവഗാനങ്ങളും അന്തരീക്ഷത്തെ വികാരതീവ്രമാക്കി. പകൽ മൂന്നിനുശേഷം മൃതദേഹം വിലാപയാത്രയായി എയിംസിലേക്ക്‌ കൊണ്ടുപോയി. പട്ടേൽചൗക്ക്‌ വരെ സിപിഐ എം നേതാക്കളും പ്രവർത്തകരും കാൽനടയായി അനുഗമിച്ചു. ഗതാഗതതടസ്സം ഒഴിവാക്കാൻ പിന്നീട്‌ വിലാപയാത്ര വാഹനങ്ങളിലാക്കി. 4.40ന്‌ യെച്ചൂരിയുടെ കുടുംബാംഗങ്ങളും പിബി അംഗങ്ങളും ചേർന്ന്‌ മൃതദേഹം എയിംസ്‌ അനാട്ടമി വിഭാഗത്തിന്‌ കൈമാറി. 10 മിനിട്ട്‌ കഴിഞ്ഞ്‌ ഹാളിൽനിന്ന്‌ എല്ലാവരും പുറത്തിറങ്ങിയശേഷം ബൃന്ദ കാരാട്ട്‌ വാതിൽ അടച്ചതോടെ യെച്ചൂരിയുടെ ശരീരം വൈദ്യശാസ്‌ത്രലോകത്തിന്‌ സ്വന്തമായി. നേപ്പാൾ മുൻപ്രധാനമന്ത്രി മാധവ്‌കുമാർ നേപ്പാൾ, കോൺഗ്രസ്‌ നേതാക്കളായ സോണിയ ഗാന്ധി, അശോക്‌ ഗെലോട്ട്‌, സച്ചിൻ പൈലറ്റ്‌, രമേശ്‌ ചെന്നിത്തല, മണിശങ്കർ അയ്യർ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി അധ്യക്ഷൻ ശരദ്‌പവാർ, മുൻ ഉപരാഷ്‌ട്രപതി ഡോ. ഹാമിദ്‌ അൻസാരി, സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌, ഡിഎംകെ നേതാക്കളായ ഉദയനിധി സ്റ്റാലിൻ, ടി ആർ ബാലു, ദയാനിധി മാരൻ, എഎപി നേതാക്കളായ മനീഷ്‌ സിസോദിയ, സഞ്‌ജയ്‌ സിങ്‌, രാഘവ്‌ ചദ്ദ, ഗോപാൽ റായ്‌, ആർജെഡി നേതാവ്‌ മനോജ്‌ ഝാ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ, കേരള കോൺഗ്രസ്‌ നേതാവ്‌ ജോസ്‌ കെ മാണി, മുൻ മുഖ്യ വിവരാവകാശ കമീഷണർ വജാഹത്‌ ഹബീബുള്ള, ചരിത്രകാരി റൊമില ഥാപ്പർ, പ്രൊഫ. ജി എൻ സായിബാബ, യോഗേന്ദ്ര യാദവ്‌, കപിൽ സിബൽ, യെച്ചൂരിയുടെ മുൻ പങ്കാളി ഇന്ദ്രാണി മജുംദാർ, വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ തുടങ്ങിയവർ അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി കഴിഞ്ഞദിവസം ബിജെപി അധ്യക്ഷൻ ജെ പി നദ്ദ യെച്ചൂരിയുടെ വസതിയിലെത്തി ആദരമർപ്പിച്ചിരുന്നു. കേരളം പറഞ്ഞു; ലാൽസലാം സഖാവേ അസ്തമിക്കാത്ത പോരാട്ടവീര്യമായി ജ്വലിച്ചുനിന്ന സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ശരീരം എയിംസിന്‌ കൈമാറിയതിനുപിന്നാലെ സംസ്ഥാനത്തെങ്ങും മൗനജാഥകളും അനുശോചനയോഗങ്ങളും നടന്നു. കറുത്ത ബാഡ്‌ജ്‌ ധരിച്ച്‌ മൗനജാഥകളിൽ അണിചേർന്നവരിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുണ്ടായിരുന്നു. അനുശോചന യോഗത്തിൽ യെച്ചൂരിയെ അനുസ്മരിച്ച്‌,  അവർ ഒരേ കണ്ഠമായി ഏറ്റുവിളിച്ചു, ‘ലാൽസലാം സഖാവേ.’ തിരുവനന്തപുരം ദേശാഭിമാനിയിൽ ചേർന്ന യോഗത്തിൽ  ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അനുസ്മരണപ്രഭാഷണം നടത്തി.   Read on deshabhimani.com

Related News