നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഇഡി നോട്ടീസ് ; രാഷ്ട്രീയപകപോക്കലെന്ന് കോൺഗ്രസ്
ന്യൂഡൽഹി കോൺഗ്രസ് നിയന്ത്രണത്തിലുള്ള നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണംവെളുപ്പിക്കൽ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നോട്ടീസയച്ചു. രാഹുലിനോട് വ്യാഴാഴ്ചയും സോണിയയോട് അടുത്ത ബുധനാഴ്ചയും ഹാജരാകാനാണ് നിർദേശം. അന്വേഷണഏജൻസികളെ ആയുധമാക്കി ബിജെപി രാഷ്ട്രീയപകപോക്കൽ നടത്തുകയാണെന്ന്ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. നേതൃത്വം ഭയപ്പെട്ട് സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു. സോണിയ എട്ടിനും വിദേശത്തുള്ള രാഹുല്‍ അഞ്ചാംതീയതിക്കുശേഷവും ഹാജരാകുമെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക്സിങ്വി അറിയിച്ചു. നാഷണൽഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാനഓഹരിഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ് (വൈഐഎൽ) കമ്പനി ഏറ്റെടുത്തതിലാണ് അന്വേഷണം. 2010ൽ 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിന്റെ ഓഹരികൾ വൈഐഎല്ലിന് കൈമാറിയത് വിവാദമായി. 2000 കോടിയുടെ ആസ്തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് വൈഐഎൽ ഏറ്റെടുത്തത്. ഇടപാടിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻസ്വാമി 2013ലാണ് പരാതി നൽകിയത്.ഈ പരാതിയെ തുടര്‍ന്നാണ് ഇപ്പോഴത്തെ ഇഡി നടപടി. മുടങ്ങിപ്പോയ നാഷണൽ ഹെറാൾഡ് പത്രം പുനരാരംഭിക്കുന്നതിന് കോൺഗ്രസ് 90 കോടിയുടെ പലിശരഹിത വായ്പ നേരത്തേ എജെഎല്ലിന് അനുവദിച്ചിരുന്നു. രാഷ്ട്രീയപാർടികൾ വാണിജ്യആവശ്യങ്ങൾക്ക് വായ്പ കൊടുക്കുന്നത് നിയമവിരുദ്ധമാണെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ പരാതിയിൽ ആസ്തി, ബാധ്യത കൈമാറ്റവുമായി ബന്ധപ്പെട്ട് കള്ളപ്പണംവെളുപ്പിക്കൽ കേസ് 2014ൽ ഇഡി രജിസ്റ്റർ ചെയ്തു. പട്യാല കോടതിയിൽനിന്ന് ജാമ്യം നേടിയ സോണിയയും രാഹുലും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ റദ്ദാക്കണമെന്ന് അപേക്ഷനൽകിയെങ്കിലും 2016ൽ ഹര്‍ജി സുപ്രീംകോടതി തള്ളി. 2019ൽ നാഷണൽ ഹെറാൾഡിന്റെ 16.38 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കോൺഗ്രസ് നേതാക്കളായ സുമൻദുബൈയും സാംപിത്രോദയും പ്രതികളാണ്. അന്തരിച്ച കോൺഗ്രസ്നേതാക്കളായ മോത്തിലാൽ വോറയും ഓസ്കർ ഫെർണാണ്ടസും പ്രതിചേർക്കപ്പെട്ടിരുന്നു. Read on deshabhimani.com