ഡൽഹിയിൽ പ്രതിഷേധം ശക്തം; കരോൾബാഗിൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കി

രാജേന്ദ്ര നഗർ റോഡിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ഫോട്ടോ: പി വി സുജിത്


ന്യൂഡൽഹി > കരോൾബാഗിൽ കൂട്ടമായി പ്രതിഷേധിച്ച വിദ്യാർഥികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മൂന്ന് പേർ മരിച്ച സാഹചര്യത്തിലാണ് വിദ്യാർഥികൾ പ്രതിഷേധം നടത്തിയത്. കരോൾബാഗിൽ റോഡ് ഉപരോധിച്ച വിദ്യാർഥികളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ നീതി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ കരോൾ ബാഗിൽ പ്രതിഷേധം സംഘടിപ്പിച്ചത്. നീതി ലഭിക്കുമെന്ന ഉറപ്പ് കിട്ടുന്നതുവരെ പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. സിവിൽ സർവീസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ മലയാളിയായ നെവിൻ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികൾ. മൃതദേഹങ്ങൾ ഡൽഹി ആർഎൽഎം ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ് മോർട്ടം നടപടികൾ വൈകുന്നതായും ബന്ധുക്കൾ ആരോപിച്ചു. Read on deshabhimani.com

Related News