കേസെടുക്കാൻ കൂട്ടുപ്രതിയുടെ മൊഴിമാത്രം പോര ; ഇഡിയോട് സുപ്രീംകോടതി
ന്യൂഡൽഹി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) അനുസരിച്ചുള്ള കേസിൽ കൂട്ടുപ്രതിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) ഒരാളെ കേസിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. കൂട്ടുപ്രതിയുടെ മൊഴി ഒരാൾക്ക് എതിരായ കേസ് സ്ഥാപിക്കാൻ മതിയായ തെളിവാകുന്നില്ലെന്ന് ജസ്റ്റിസ് ഭൂഷൺ ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അനുയായി പ്രേംപ്രകാശിന് പിഎംഎൽഎ കേസിൽ ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. റാഞ്ചിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ അഫ്‌ഷർ അലിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രേംപ്രകാശിനെയും ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാക്കിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വഞ്ചനയും വ്യാജരേഖ ചമയ്‌ക്കലും നടന്നിട്ടുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സദർ പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിലോ ഇഡി രജിസ്റ്റർ ചെയ്‌ത ഇസിഐആറിലോ പ്രേംപ്രകാശ് പ്രതിയായിരുന്നില്ല. എന്നാൽ, കേസിൽ അറസ്റ്റിലായ അഫ്‌ഷർ അലിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ ഇഡി പ്രേംപ്രകാശിനെയും കേസിൽ പ്രതിയാക്കി. പ്രേംപ്രകാശിന്റെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. പിഎംഎൽഎ കേസുകൾ ഇഡി കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ വലിയവിമർശനം ഉയർന്ന സാഹചര്യത്തിലാണ് കൂട്ടുപ്രതിയുടെ മൊഴി മതിയായ തെളിവാകുന്നില്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. Read on deshabhimani.com