ബിആർഎസ് നേതാവ് കെ കവിതയ്‌ക്ക് ജാമ്യം
ന്യൂഡൽഹി > ബിആർഎസ് നേതാവ് കെ കവിയത്‌ക്ക് ജാമ്യം. ഡൽഹി മദ്യനയ കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് സുപ്രീം കോടതി കവിതയ്‌ക്ക് ജാമ്യം അനുവദിച്ചത്. കവിത അഞ്ച് മാസം കസ്റ്റഡിയിലിരുന്നതായും ഈ കേസുകളിലെ സിബിഐ, ഇഡി അന്വേഷണം പൂർത്തിയായതായും ബി ആർ ഗവായ്, കെ ആർ വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിലയിരുത്തി. സിബിഐ അഴിമതി കേസും ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസും അന്വേഷിക്കവെയാണ് സുപ്രീംകോടതി നടപടി. കവിത അഞ്ച് മാസത്തോളമായി കസ്റ്റഡിയിലാണെന്നും കുറ്റപത്രവും പ്രോസിക്യൂഷൻ പരാതിയും യഥാക്രമം സിബിഐയും ഇ ഡിയും സമർപ്പിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കവിതയുടെ അഭിഭാഷകൻ ജാമ്യം തേടിയത്. ഇതിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയും സമർപ്പിച്ച ഹർജികളിലെ സുപ്രീം കോടതി വിധികളും കവിതയുടെ അഭിഭാഷകൻ സൂചിപ്പിച്ചിരുന്നു. നേരത്തെ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീം കോടതി കെജ്‌രിവാളിനും സിസോദിയക്കും നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മാർച്ച് 15ന് ഹൈദരബാദിലെ വസതിയിൽ നിന്നാണ് കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഏപ്രിൽ 11 ന് സിബിഐ കവിതയെ അറസ്റ്റ് ചെയ്യുകയും തിഹാർ ജയിലിൽ തടവിലാക്കുകയുമായിരുന്നു. കവിതയുടെ നേതൃത്വത്തിലുള്ള ‘സൗത്ത് ഗ്രൂപ്പ്’ മദ്യനയ കേസിൽ ആം ആദ്‌മി പാർട്ടിക്ക് 100 കോടി നൽകിയതായാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആരോപണം. Read on deshabhimani.com