പോരാടാൻ കെജ്‌രിവാള്‍ , പുറത്തിറങ്ങുന്നത്‌ 6 മാസശേഷം ; സിബിഐക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

തിഹാർ ജയിലിൽ നി‍‍ന്ന് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി 
അരവിന്ദ് കെജ്-രിവാൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു


ന്യൂഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ ജാമ്യം. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാൾ നൽകിയ ഹർജിയിലാണ്‌ സുപ്രീംകോടതി ഉത്തരവ്‌. മദ്യനയവുമായി ബന്ധപ്പെട്ട ഇഡി കേസിൽ സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ആറ്‌ മാസത്തെ ജയിൽവാസത്തിനുശേഷം കെജ്‌രിവാൾ വെള്ളിയാഴ്‌ച  രാത്രി തിഹാറില്‍നിന്ന്‌ പുറത്തിറങ്ങി. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന രാജ്യവിരുദ്ധശക്തികള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് ജയിൽമുറ്റത്ത്‌ ആംആദ്മി പ്രവര്‍ത്തകരെ സാക്ഷിയാക്കി കെജ്‌രിവാള്‍ പറഞ്ഞു. ജാമ്യാപേക്ഷ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസ്‌ ഉജ്വൽ ഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ അംഗീകരിച്ചെങ്കിലും സിബിഐ അറസ്റ്റിന്റെ നിയമസാധുത ചോദ്യം ചെയ്‌തുള്ള ഹർജി തള്ളി. അറസ്റ്റ്‌ നിയമപരമാണെന്നും നടപടിക്രമങ്ങളിൽ പാളിച്ചകൾ ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ്‌ സൂര്യകാന്ത്‌ നിരീക്ഷിച്ചു. എന്നാൽ, സിബിഐ കൂട്ടിലിട്ട തത്തയെപോലെ പെരുമാറരുതെന്നും പക്ഷപാതപരമായി അറസ്റ്റുകൾ നടത്തരുതെന്നും ജസ്റ്റിസ്‌ ഉജ്വൽ ഭുയാൻ വിധിന്യായത്തിൽ തുറന്നടിച്ചു. ‘കെജ്‌രിവാളിനെ തിടുക്കത്തിൽ അറസ്റ്റ്‌ ചെയ്യേണ്ട സാഹര്യമുണ്ടായിരുന്നില്ല. 22 മാസമായി കൈയുംകെട്ടി ഇരുന്നിട്ട്‌ പെട്ടെന്ന്‌  അറസ്റ്റ്‌ ചെയ്തതിന്‌ ന്യായീകരണമില്ല’–- ജസ്റ്റിസ്‌ ഭുയാൻ ചൂണ്ടിക്കാട്ടി.  ചോദ്യങ്ങൾക്ക്‌ മറുപടി നൽകിയില്ലെന്ന്‌ ആരോപിച്ച്‌  അറസ്റ്റ്‌ ചെയ്‌ത നടപടി ശരിയായില്ല. കുറ്റരോപിതന്‌ മൗനം പാലിക്കാനുള്ള എല്ലാ അവകാശമുണ്ട്‌. അദ്ദേഹം മിണ്ടിയില്ലെന്നത്‌ അറസ്റ്റ്‌ ചെയ്യാൻ കാരണമല്ല. കുറ്റാരോപിതനോട്‌ സ്വയം കുരുക്കുമുറുക്കാനുള്ള മൊഴി നൽകണമെന്ന്‌ ആവശ്യപ്പെടാനാവില്ല. അറസ്റ്റ്‌ ചെയ്യാനുള്ള അധികാരത്തെ തോന്നും പോലെ ഉപയോഗിക്കരുത്.  അവഹേളിക്കാനുള്ള ആയുധമാക്കരുത്‌. ’–- ജസ്റ്റിസ്‌ ഭുയാൻ ഓർമിപ്പിച്ചു.  മുഖ്യമന്ത്രിയുടെ ഓഫീസ്‌ സന്ദർശിക്കരുത്‌, ലെഫ്‌.ഗവർണറുടെ അംഗീകാരം വേണ്ട ഫയലുകൾ മാത്രമേ ഒപ്പിടാൻ പാടുള്ളൂ–-തുടങ്ങിയ ഉപാധികളോടെയാണ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ ജാമ്യം അനുവദിച്ചത്‌.  ഉപാധികളോട്‌ എതിർപ്പുണ്ടെന്ന്‌ ജസ്റ്റിസ്‌  ഭുയാൻ വിധിയിൽ പറഞ്ഞു. അതേസമയം, കേസിനെക്കുറിച്ച്‌ പരസ്യപ്രതികരണം പാടില്ലെന്ന്‌ ഇരുജഡ്‌ജിമാരും കെജ്‌രിവാളിനോട്‌ നിർദേശിച്ചു. Read on deshabhimani.com

Related News