കള്ളപ്പണക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് കുറവ് ; ഇഡി മറുപടി പറഞ്ഞേ തീരൂ
ന്യൂഡൽഹി പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) കേസുകളിലെ കുറഞ്ഞ ശിക്ഷാനിരക്കിൽ ഇഡിയെ വീണ്ടും പ്രതിക്കൂട്ടിലാക്കി സുപ്രീംകോടതി. പിഎംഎൽഎ കേസുകളിൽ എത്ര എണ്ണം വിചാരണ വരെ എത്തുന്നുണ്ടെന്നും എത്ര കേസുകളിൽ പ്രതികളെ ശിക്ഷിക്കുന്നുണ്ടെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ചോദിച്ചു. ഇതിന് ഉത്തരം കണ്ടെത്തിയേ മതിയാകൂവെന്നും കോടതി നിരീക്ഷിച്ചു. പിഎംഎൽഎ കേസിൽ പ്രതിയായ ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതി ഇഡിയെ വീണ്ടും ചോദ്യം ചെയ്‌തത്. ആഗസ്‌തിലും കുറഞ്ഞ ശിക്ഷാനിരക്കിന്റെ പേരിൽ സുപ്രീംകോടതി ഇഡിയെ വിമർശിച്ചു. കഴിഞ്ഞ 10 വർഷകാലയളവിൽ പിഎംഎൽഎ പ്രകാരമുള്ള 5,000 കേസുകളിൽ 40 എണ്ണത്തിൽ മാത്രമാണ് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇഡിക്ക് കഴിഞ്ഞതെന്ന് അന്ന് കോടതി നിരീക്ഷിച്ചു. Read on deshabhimani.com