എല്ലാ കോടതി നടപടികളും എല്ലാവർക്കും കാണാം; തത്സമയ സംപ്രേഷണം ആരംഭിച്ച് സുപ്രീംകോടതി



ന്യൂഡല്‍ഹി> എല്ലാ കോടതി നടപടികളുടേയും തത്സമയ സ്ട്രീംമിങ് ആരംഭിച്ച് സുപ്രീംകോടതി. രാജ്യത്തെ സാധാരണ പൗരന്‍മാര്‍ക്ക് ജുഡീഷ്യല്‍ ഹിയറിങുകളുടെ സുതാര്യത ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്. ഇതുവരെ ദേശീയ പ്രാധാന്യമുള്ള വിചാരണകളും മറ്റുമാണ് സുപ്രീംകോടതി തത്സമയ സംപ്രേഷണം ചെയ്തിരുന്നത്. ഇനിമുതൽ എല്ലാ ബെഞ്ചിന്റെയും വിചാരണകളും കോടതി നടപടികളും സംപ്രേഷണം ചെയ്യും. ഇതിന്റെ ഭാ​ഗമായി വെള്ളിയാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ വിചാരണകളുടെ സംപ്രേഷണം നടത്തി. കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന് പകരം സ്വന്തം ആപ്പിലൂടെയാണ് സ്ട്രീമിംഗ് നടത്തിയത്. https://appstreaming.sci.gov.in എന്ന ലിങ്കിലൂടെ കാണാം. അടുത്തിടെ, നീറ്റ്-യുജി വിഷയത്തിലും ആർ ജി കാർ ആശുപത്രി കേസിലും മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് വാദം കേൾക്കുന്നത് പൊതുതാൽപ്പര്യം കണക്കിലെടുത്ത് തത്സമയ സംപ്രേഷണം ചെയ്തിരുന്നു. സ്വപ്‌നില്‍ ത്രിപാഠി (2018) കേസിലെ വിധിയില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനെ സുപ്രീംകോടതി അനുകൂലിച്ചിരുന്നു. അതിനുശേഷം രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള പൗരന്‍മാര്‍ക്ക് സുപ്രീംകോടതിയുടെ നടപടികള്‍ കാണുന്നതിനായി തത്സമയ സംപ്രേഷണം ചെയ്യാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. Read on deshabhimani.com

Related News