വിഎച്ച്പി വേദിയിൽ വർഗീയപ്രസംഗം: അലഹാബാദ് ഹൈക്കോടതി ജഡ്ജി നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി കൊളീജിയം
ന്യൂഡൽഹി> വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിദ്വേഷ–- വർഗീയ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖർ കുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻ നിർദേശം നൽകി സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഡിസംബർ 17ന് ഹാജരാകാനാണ് നിർദേശം. വിശ്വഹിന്ദുപരിഷത്തിന്റെ ചടങ്ങിൽ ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ വിവാദപ്രസംഗത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ശേഖർകുമാർ യാദവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ പാർട്ടികൾ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്ത് നൽകുകയും ചെയ്തിരുന്നു. മുതിർന്ന അഭിഭാഷകൻ കൂടിയായ കപിൽ സിബൽ, ജോൺ ബ്രിട്ടാസ്, ദിഗ്‌വിജയ് സിങ്, വിവേക് തൻഖ, കെ ടി എസ് തുൾസി, പി വിൽസൺ എന്നിവരടക്കം 55 എംപിമാർ ഒപ്പിട്ട പ്രമേയമാണ് വെള്ളിയാഴ്‌ച രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയത്. ‘‘ഇത് ഹിന്ദുസ്ഥാനാണ്. ഭൂരിപക്ഷത്തിന്റെ ഇഷ്‌ടമേ ഇവിടെ നടക്കൂ. അതാണ് നിയമം’’- എന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ ലീഗൽ സെല്ലിന്റെ പരിപാടിയിൽ ജഡ്‌ജി യാദവ് പറഞ്ഞത്. ‘ഏക സിവിൽ കോഡ്: ഭരണഘടനാപരമായ ആവശ്യകത’എന്ന വിഷയത്തിലായിരുന്നു പരിപാടി. അയോധ്യയിലെ രാമക്ഷേത്രം സ്വന്തം കണ്ണുകൊണ്ട് കാണുന്നത് സങ്കൽപ്പിച്ചിരുന്നോയെന്ന് ജഡ്‌ജി ശേഖർ കുമാർ യാദവ് ചോദിച്ചു. ‘‘രാം ലല്ലയെ മോചിപ്പിക്കാനും മഹത്തായ അയോധ്യ ക്ഷേത്രത്തിന്റെ നിർമാണത്തിന് സാക്ഷ്യം വഹിക്കാനുമുള്ള പ്രതീക്ഷയിൽ പൂർവികർ ത്യാഗം സഹിച്ചു. അവർക്കത് കാണാൻ സാധിച്ചില്ല. പക്ഷേ ക്ഷേത്രം കാണാൻ നമുക്കായി. പശുവും ഗംഗയും ഗീതയും ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഓരോ കുട്ടിയും രാമനാകുന്നത് എവിടെയാണോ അതാണ് എന്റെ രാജ്യം. ഏക സിവിൽകോഡ് ഉടൻ നടപ്പാകും. ഒരു രാജ്യം, ഒരു നിയമം എന്നത് വിദൂരമല്ല. ശാസ്‌ത്രങ്ങളിലും വേദങ്ങളിലും സ്‌ത്രീകളെ ദൈവമായി ഹിന്ദുക്കൾ കാണുന്നു. മുസ്ലിങ്ങൾക്ക് നാലുഭാര്യമാരെ സ്വന്തമാക്കാനോ ഹലാൽ അനുഷ്‌ഠിക്കാനോ മുത്തലാഖിനോ അവകാശമില്ല. മുസ്ലിങ്ങൾ ഹിന്ദു ആചാരങ്ങൾ അനുഷ്‌ഠിച്ചില്ലെങ്കിലും അവയെ ബഹുമാനിച്ചേ തീരു. ഏക സിവിൽകോഡ് വിഎച്ച്‌പിയുടെയോ ആർഎസ്‌എസിന്റെയോ മാത്രം ആവശ്യമല്ല. അതിനെക്കുറിച്ച് ഇപ്പോൾ സുപ്രീംകോടതിവരെ സംസാരിക്കുന്നു. ഹിന്ദുക്കൾക്ക് അഹിംസയും ദയയും ഉണ്ടെന്ന് കരുതി അവർ ഭീരുക്കളല്ല. ഹിന്ദു ആചാരങ്ങളെക്കുറിച്ചും മഹാന്മാരെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണം.’’ ഹിന്ദുക്കളുടെ കുട്ടികൾ വേദങ്ങൾ പഠിച്ച് ദയ, അഹിംസ തുടങ്ങിയ മൂല്യങ്ങളിലൂടെ സഹിഷ്‌ണുതയുള്ളവരായി വളർത്തപ്പെടുമ്പോൾ മറ്റൊരു സമുദായത്തിലെ കുട്ടികളിൽ നിന്ന് അവ പ്രതീക്ഷിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ മുന്നിലാണ് മൃഗങ്ങളെ കൊല്ലുന്നത്. തീവ്രവാദികളായ മുല്ലമാരുടെ ഭീഷണി കണ്ടില്ലെന്ന് നടിക്കാനാവില്ല. ഹിന്ദുമതത്തെ ശക്തിപ്പെടുത്താനുള്ള സന്ദേശം സമുദായത്തിൽ ശക്തമാക്കണം. ഈ ആശയം ദുർബലമായാൽ ഇന്ത്യ ബംഗ്ലാദേശോ താലിബാനോ ആയി മാറും–-ജഡ്‌ജി പറഞ്ഞു. ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറത്തുവിടുന്ന ഏക ജീവിയാണ് പശുവെന്ന് പറഞ്ഞ് നേരത്തെ വിവാദത്തിലായിട്ടുണ്ട് യാദവ്. Read on deshabhimani.com