അനന്തമായ വിചാരണത്തടവ്‌ ; ജാമ്യത്തിന് വഴിതുറന്ന് 
സുപ്രീംകോടതി , നടപടി ബിഎൻഎസ്‌എസ്‌ 479-–ാം വകുപ്പ്‌ പ്രകാരം



ന്യൂഡൽഹി രാജ്യത്തെ വിചാരണത്തടവുകാർക്ക്‌ ജാമ്യത്തിനു വഴിതുറന്ന്‌ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ലഭിക്കാൻ സാധ്യതയുള്ള പരമാവധി തടവുശിക്ഷയുടെ മൂന്നിലൊന്ന്‌ കാലയളവ്‌ ശിക്ഷ അനുഭവിച്ച വിചാരണത്തടവുകാരെ ജാമ്യത്തിൽ വിടാനുള്ള നടപടി മൂന്നുമാസത്തിനകം പൂർത്തിയാക്കണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. ഭാരതീയ നാഗരിക്‌ സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്‌എസ്‌) 479–-ാം വകുപ്പ്‌ അനുസരിച്ചാണ് ഉത്തരവ്. ഇളവിന് അർഹതയുള്ളവരിൽ നിന്ന് ജയിൽ സൂപ്രണ്ടുമാർ അപേക്ഷ വാങ്ങി കോടതികൾക്ക്‌ കൈമാറണമെന്നും ജസ്‌റ്റിസുമാരായ ഹിമാകോഹ്‌ലി, സന്ദീപ്‌ മെഹ്‌ത എന്നിവരുടെ ബെഞ്ച്‌ നിർദേശിച്ചു. പരമാവധി തടവുശിക്ഷയുടെ മൂന്നിലൊന്ന്‌ കാലളയവെങ്കിലും തടവ്‌ അനുഭവിച്ചവരെ ഉപാധികളോടെ ജാമ്യത്തിൽ വിടാമെന്നാണ്‌ 479–-ാം വകുപ്പിലുള്ളത്. മുമ്പ്‌ ശിക്ഷിക്കപ്പെടാത്തവര്‍ക്ക് മാത്രമേ ഇളവ്‌ ലഭിക്കു. വധശിക്ഷ, ജീവപര്യന്തം പോലെയുള്ള ശിക്ഷ ലഭിക്കാൻ സാധ്യതയുള്ളവര്‍ക്ക് ഇളവില്ല. ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്‌ക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട പൊതുതാൽപ്പര്യ ഹർജിയിലാണ്‌ കോടതി ഇടപെടൽ. 479–-ാം വകുപ്പ്‌ കൃത്യമായി നടപ്പാക്കിയാൽ തടവുകാരുടെ ബാഹുല്യം കുറയ്‌ക്കാമെന്ന് അമിക്കസ്‌ക്യൂറിയായ മുതിർന്ന അഭിഭാഷകൻ ഗൗരവ്‌ അഗർവാൾ ചൂണ്ടിക്കാട്ടി. ബിഎൻഎസ്‌എസ്‌ നിലവിൽവന്ന 2024 ജൂലൈ ഒന്നിന്‌ മുമ്പുള്ള കേസുകളിലെ വിചാരണത്തടവുകാർക്കും 479–-ാം വകുപ്പ്‌ ബാധകമാകുമെന്ന്‌ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാഭാട്ടി കോടതിയെ അറിയിച്ചു. മുമ്പുണ്ടായിരുന്ന സിആർപിസി 436എ പ്രകാരം  പരമാവധി ശിക്ഷയുടെ പകുതി അനുഭവിച്ച വിചാരണത്തടവുകാര്‍ക്കായിരുന്നു ജാമ്യം ലഭിക്കാന്‍ അര്‍ഹത. അസാധ്യമായ 
ഉപാധികള്‍ ജാമ്യം 
നിഷേധിക്കുന്നതിന് തുല്യം അസാധ്യമായ ഉപാധികൾ വയ്‌ക്കുന്നത്‌ ജാമ്യം നിഷേധിക്കുന്നതിന്‌ തുല്യമാണെന്ന്‌ സുപ്രീംകോടതി. ജാമ്യത്തിന്‌ അപേക്ഷിച്ച വ്യക്തിക്ക്‌ താങ്ങാനാവുന്നതിൽ കൂടുതൽ ഉപാധികൾ ഏർപ്പെടുത്തുന്നത്‌ ഇടതുകൈ കൊണ്ട്‌ കൊടുത്തത്‌ വലതുകൈ എടുക്കുന്നതിന്‌ തുല്യമാണെന്നും ജസ്‌റ്റിസുമാരായ ഭൂഷൺ ആർ ഗവായ്‌, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ നിരീക്ഷിച്ചു. 11 കേസിൽ പ്രതിയായ വ്യക്തിക്ക്‌ എല്ലാ കേസിലും ജാമ്യം ലഭിച്ചിട്ടും ഒരോ ജാമ്യത്തിനും പ്രത്യേകം ഉറപ്പുകൾ കെട്ടിവെക്കാൻ കഴിയാത്തതിനാല്‍ ജയിലിൽ തുടരുന്നുവെന്ന ഹർജിയിലാണ് കോടതി ഇടപെടല്‍. സ്വന്തം പേരിലുൾപ്പടെ മൂന്ന്‌ ആൾജാമ്യത്തിൽ മോചിപ്പിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഉറപ്പുകൾ കെട്ടിവെക്കേണ്ടത്‌ ആവശ്യമാണെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ 
21–-ാം അനുച്ഛേദം സംരക്ഷിക്കേണ്ട ബാധ്യതയും കോടതികൾക്കുണ്ടെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. Read on deshabhimani.com

Related News