കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ യുപി സർക്കാർ പരാജയമെന്ന്‌ സുപ്രീംകോടതി



ന്യൂഡൽഹി> കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ ഉത്തർപ്രദേശ്‌ സർക്കാർ പരാജയമെന്ന്‌ സുപ്രീംകോടതി. ഉത്തരവുകൾ പാലിക്കാതിരിക്കുന്നത്‌ യുപി സർക്കാർ വിനോദമാക്കിയിരിക്കുന്നു. കോടതിഅലക്ഷ്യനടപടികൾ തുടങ്ങിയാൽ മാത്രമേ  ഉത്തരവുകൾ നടപ്പിലാക്കാൻ നടപടികൾ തുടങ്ങാറുള്ളുവെന്നും ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ച്‌ തുറന്നടിച്ചു. കഴിഞ്ഞവർഷം ഉത്തർപ്രദേശിലെ ആശുപത്രിയിൽ നിന്നും കോവിഡ്‌ ബാധിതനായ 82കാരനെ കാണാതായതുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കവേയാണ്‌ യോഗിആദിത്യനാഥ്‌ സർക്കാരിന്‌ എതിരെ സുപ്രീംകോടതി പൊട്ടിത്തെറിച്ചത്‌. അച്ഛനെ തിരിച്ചെത്തിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  മകൻ അലഹബാദ്‌ ഹൈക്കോടതിയിൽ ഹേബിയസ്‌കോർപ്പസ്‌ ഹർജി ഫയൽ ചെയ്‌തിരുന്നു. ഈ ഹർജിയിൽ വെള്ളിയാഴ്‌ച്ച വയോധികനെ നേരിട്ട്‌ ഹാജരാക്കാൻ ഹൈക്കോടതി യുപി സർക്കാരിന്‌ നിർദേശം നൽകി. ബന്ധപ്പെട്ട ഉന്നതഉദ്യോഗസ്ഥർ നേരിട്ട്‌ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശം നൽകി. എന്നാൽ, ഹൈക്കോടതി നിർദേശം പാലിക്കാതെ അതിന്‌ എതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവ്‌ അനുസരിക്കാത്ത പ്രവണത അംഗീകരിക്കാനാകില്ലെന്ന്‌  ചീഫ്‌ജസ്‌റ്റിസ്‌ മുന്നറിയിപ്പ്‌ നൽകി. ‘‘നിങ്ങൾ കോടതി നിർദേശങ്ങൾ അനുസരിക്കാറില്ല. കോടതിഅലക്ഷ്യം തുടങ്ങിയാൽ ഉടനെ മേൽക്കോടതിയെ സമീപിക്കും. ഇതൊരു വിനോദമായി മാറിയിട്ടുണ്ട്‌’’– ജസ്‌റ്റിസുമാരായ ഹിമാകോഹ്‌ലി, കൃഷ്‌ണമുരാരി എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച്‌ യുപി സർക്കാരിന്‌ വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ്‌ജനറൽ ഗരിമാപ്രസാദിനോട്‌ പറഞ്ഞു. യുപി സർക്കാരിന്റെ ഹർജിയിൽ നോട്ടീസ്‌ അയക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഹൈക്കോടതിയിലെ നടപടികൾ സ്‌റ്റേ ചെയ്‌തു. അതേസമയം, കാണാതായ വയോധികന്റെ മകനെ കൂടി കേസിൽ കക്ഷിചേർക്കാനും 50,000 രൂപ താൽക്കാലികസഹായം നൽകാനും സുപ്രീംകോടതി നിർദേശിച്ചു.   Read on deshabhimani.com

Related News