‘മതനിരപേക്ഷത ഭരണഘടനയുടെ 
അടിസ്ഥാനഘടനയുടെ ഭാഗം’ : സുപ്രീംകോടതി



ന്യൂഡൽഹി മതനിരപേക്ഷത എപ്പോഴും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായിരുന്നെന്ന്‌ സുപ്രീംകോടതി. 42–-ാം ഭേദഗതി വഴി ഭരണഘടനയുടെ ആമുഖത്തിൽ  ‘സോഷ്യലിസ്റ്റ്‌’, ‘സെക്കുലർ’ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിന്‌ എതിരായ ഹർജികൾ പരിഗണിക്കവെയാണ്‌ സുപ്രധാന നിരീക്ഷണം. മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന്‌ സ്ഥാപിക്കുന്ന നിരവധി വിധിന്യായങ്ങളുണ്ട്‌. ഇന്ത്യ ഉൾകൊണ്ടിട്ടുള്ളത്‌ ഇന്ത്യൻ മോഡൽ സോഷ്യലിസവും സെക്കുലറിസവുമാണ്‌. ഇന്ത്യൻ സാഹചര്യത്തിൽ ‘സോഷ്യലിസം’ എന്നാൽ എല്ലാവർക്കും തുല്യമായ അവസരം ഉറപ്പാക്കണമെന്നും സമ്പത്ത്‌ തുല്യമായി വീതിക്കണമെന്നുമാണ്‌ അർഥം. ഈ ആശയങ്ങൾ പാശ്ചാത്യമാണെന്ന ഇടുങ്ങിയ വീക്ഷണം ഉപേക്ഷിക്കണമെന്നും ജസ്റ്റിസുമാരായ സഞ്‌ജീവ് ഖന്ന, സഞ്‌ജയ്‌കുമാർ എന്നിവരുടെ ബെഞ്ച്‌ നിരീക്ഷിച്ചു. ‘ഇന്ത്യ മതനിരപേക്ഷമായി തുടരുന്നതിൽ നിങ്ങൾക്ക്‌ എന്താണ്‌ കുഴപ്പം’ –- തിങ്കളാഴ്‌ച ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന ഹർജിക്കാരായ ബിജെപി നേതാക്കൾ സുബ്രഹ്മണ്യൻസ്വാമി, അശ്വിനികുമാർ ഉപാധ്യായ തുടങ്ങിയവരോട്‌ ആരാഞ്ഞു. സോഷ്യലിസം, സെക്കുലറിസം എന്നീ വാക്കുകൾ 42–-ാം ഭേദഗതി വഴി 1976ലാണ്‌ ഭരണഘടനയുടെ ആമുഖത്തിൽ  ഉൾപ്പെടുത്തിയത്‌. എന്നാൽ, 1949 നവംബർ 26ൽ നിലവിൽ വന്ന ആമുഖത്തിൽ തന്നെ ഈ വാക്കുകൾ ഉൾപ്പെടുത്തിയിരുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നത്‌ തെറ്റാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമി വാദിച്ചത്. കേസ്‌ ഇനി നവംബർ 18ന്‌ പരിഗണിക്കും. Read on deshabhimani.com

Related News