‘കസബിന് പോലും വിചാരണ ഉറപ്പാക്കിയ രാജ്യമാണിത്’ ; സിബിഐയോട് സുപ്രീംകോടതി
ന്യൂഡൽഹി മുംബൈ ഭീകരാക്രമണക്കേസിൽ പിടിയിലായ ഭീകരൻ അജ്‌മൽ കസബിന് പോലും നീതിയുക്തമായ വിചാരണ നൽകിയ രാജ്യമാണിതെന്ന് സിബിഐയെ ഓർമ്മിപ്പിച്ച് സുപ്രീംകോടതി. ജമ്മു കശ്‌മീരിലെ വിഘടനവാദി നേതാവ് യാസീൻ മാലിക്കിനെ നേരിട്ട് ഹാജരാക്കണമെന്ന ജമ്മു കോടതിയുടെ ഉത്തരവിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് പ്രതികരണം. 1989ൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന മെഹ്‌ബൂബ മുഫ്‌തിയുടെ മകൾ റൂബിയ സെയ്‌ദിനെ തട്ടിക്കൊണ്ടുപോയ കേസിലും 1990ൽ ശ്രീനഗറിന് സമീപം നാല് വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയായ യാസീൻ മാലിക്കിനെ നേരിട്ട് ഹാജരാക്കണമെന്ന് ജമ്മുവിലെ പ്രത്യേക ടാഡാ കോടതിയാണ് ഉത്തരവിട്ടത്. തീഹാർ ജയിലിലുള്ള യാസീൻ മാലിക്കിനെ ജമ്മു കശ്‌മീരിൽ എത്തിക്കാൻ വലിയ സുരക്ഷാവെല്ലുവിളികൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ക്രോസ്‌വിസ്‌താരം ഉൾപ്പടെയുള്ള നടപടികൾ ഓൺലൈനിലൂടെ നടത്തിയാൽ മതിയാകുമെന്ന സോളിസിറ്റർ ജനറൽ തുഷാർമെഹ്‌തയുടെ വാദത്തോട് സുപ്രീംകോടതി യോജിച്ചില്ല. തിഹാർ ജയിലിൽ തന്നെ പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ പൂർത്തിയാക്കുന്നതും പരിഗണനയിലുണ്ടെന്ന് സുപ്രീംകോടതി പ്രതികരിച്ചു. Read on deshabhimani.com