പൊതിച്ചോറിൽ അച്ചാർ നൽകിയില്ല: ഹോട്ടലുടമ 35,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
ചെന്നൈ > പൊതിച്ചോറിൽ അച്ചാർ നൽകിയില്ലെന്ന പരാതിയിൽ ഹോട്ടലുടമ 35,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് വില്ലുപുരം ഉപഭോക്തൃ കോടതി. 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരമായ 35,025 രൂപ നൽകണമെന്നും അല്ലാത്തപക്ഷം 9ശതമാനം പലിശയടക്കം തുക നൽകേണ്ടിവരുമെന്നും ഉപഭോക്തൃ ഫോറം അറിയിച്ചു. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വില്ലുപുരം സ്വദേശിയായ ആരോഗ്യസ്വാമിയാണ് 25 പൊതിച്ചോറുകൾ വില്ലുപുരത്ത് തന്നെയുള്ള ഹോട്ടലിൽ നിന്ന് വാങ്ങിയത്. ഒരു പൊതിച്ചോറിന് 80 രൂപ നിരക്കിൽ 2000 രൂപയാണ് ആരോഗ്യസ്വാമി നൽകിയത്. എന്നാൽ ഭക്ഷണത്തിനൊപ്പം അച്ചാർ ഉണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചെങ്കിലും ഹോട്ടൽ അധികൃതർ പ്രതികരിച്ചില്ലെന്നാണ് ആരോഗ്യസ്വാമി പറഞ്ഞത്. തുടർന്ന് ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകുകയായിരുന്നു. ആരോഗ്യസ്വാമിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 35,000 രൂപയും അച്ചാറിന്റെ വിലയായ 25 രൂപയും ചേർത്ത് 35,025 രൂപയും ഭക്ഷണത്തിന്റെ കൃത്യമായ രസീതുമടക്കം നൽകണമെന്നാണ് കോടതി ഉത്തരവ്. Read on deshabhimani.com