ടെലി മെഡിസിൻ സേവനവുമായി ഡോക്‌ടർമാർ
കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമരം തുടരുന്ന ജൂനിയർ ഡോക്‌ടർമാർ ടെലിഫോൺ വഴിയുള്ള ചികിത്സാ സേവനം തുടങ്ങി. ജൂനിയർ ഡോക്‌ടറുടെ ബലാത്സംഗ കൊലയിൽ പ്രതിഷേധിച്ചുള്ള സമരം 21 ദിവസം പിന്നിട്ടതോടെയാണ് തീരുമാനം. ‘അഭയ ടെലിമെഡിസിൻ ക്ലിനിക്’ എന്നപേരിൽ 31 മുതൽ പകൽ 10 മുതൽ രണ്ടുവരെയാണ് സേവനം. മുതിർന്ന ഡോക്‌ടർമാർ മാത്രമാണ് ജോലിയിൽ തിരികെ പ്രവേശിപ്പിച്ചത്. ഇവരുടെ ജോലിഭാരം കുറയ്‌ക്കാനും രോഗികൾക്ക് സഹായം ഉറപ്പാക്കാനുമാണ് തീരുമാനമെന്ന് പശ്ചിമബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട് അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി നാലിന് രാത്രി ഒൻപത് മുതൽ 10 വരെ വൈദ്യുത വിളക്കുകൾ അണച്ച് ദീപം തെളിക്കണമെന്നും അവർ ആഹ്വാനം ചെയ്‌തു. അതിനിടെ, പ്രതിഷേധക്കാർക്കുനേരെ മദ്യലഹരിയിൽ ബൈക്ക് ഓടിച്ചുകയറ്റിയ ഒരു സിവിക് വോളന്റിയറെ അറസ്‌റ്റുചെയ്‌തു. ഗംഗേശ്വർ ഗോൾഡി എന്നയാളാണ് അറസ്‌റ്റിലായത്. ജൂനിയർ ഡോക്‌ടറെ കൊലപ്പെടുത്തിയ സഞ്ജയ് റോയിയും കൊൽക്കത്ത പൊലീസുമായി ചേർന്ന് പ്രവർത്തിക്കുന്ന സിവിക് വോളന്റിയറാണ്. Read on deshabhimani.com