ഓൺലൈൻ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയ ബ്രോഡ്‌കാസ്‌റ്റ് ബിൽ പിൻവലിച്ചു
ന്യൂഡൽഹി കേന്ദ്രസർക്കാരിനെയും ബിജെപിയെയും തുറന്നെതിർക്കുന്ന ഓൺലൈൻ മാധ്യമങ്ങളെയും കണ്ടന്റ് നിർമാതാക്കളെയും വരുതിയിലാക്കാൻ കൊണ്ടുവന്ന ബ്രോഡ്‌കാസ്റ്റ് ബില്ലിന്റെ കരട് കേന്ദ്രസർക്കാർ പിൻവലിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങണിയിക്കുന്ന ബില്ലിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) 2024 ബിൽ പിൻവലിച്ചത്. പ്രതിപക്ഷ പാർടികളും മാധ്യമ സ്ഥാപനങ്ങളും ശക്തമായ എതിർപ്പറിയിച്ചിരുന്നു. പുതിയ കരട് ബിൽ ഒക്‌ടോബറിനുശേഷം പ്രസിദ്ധീകരിക്കുമെന്നും വിഷയത്തിൽ വിപുലമായ ചർച്ച നടക്കുകയാണെന്നും വിവര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ശുപാർശകൾ ഒക്‌ടോബർ 15 വരെ അറിയിക്കാം. 1995-ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന് പകരമായിട്ടായിരുന്നു ബിൽ നീക്കം. മുഖ്യധാരാ മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത ബിജെപിക്കെതിരെ ജനാധിപത്യമൂല്യങ്ങളുയർത്തിപ്പിടിച്ച് പോരാടുന്ന ഓൺലൈൻ മാധ്യമങ്ങളെയും ഇൻസ്‌ഫ്ലുവൻസർമാരെയും വേട്ടയാടാനാണ് ബില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. യുട്യൂബ്, ഫെയ്‌സ്‌ബുക്, എക്‌സ്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നവരെ ഡിജിറ്റൽ ന്യൂസ് ബ്രോഡ്‌കാസ്‌റ്റേഴ്‌സ് എന്ന് നിർവചിച്ചാണ് ബില്ലിൽ ഉൾപ്പെടുത്തിയത്.മറ്റ് കണ്ടന്റുകൾ ചെയ്യുന്നവരെ ഒടിടി ബ്രോഡ്‌കാസ്റ്റിങ് സേവനദാതാക്കളായും നിർവചിച്ചു. ഇവർ നിർമിക്കുന്ന വീഡിയോകളും വാർത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കാനാകില്ലെന്നതായിരുന്നു വിവാദ നിബന്ധന. കണ്ടന്റിന് അനുമതി നൽകാൻ ത്രിതല സംവിധാനം, പിന്തുടരുന്നവരുടെ എണ്ണം നിശ്ചിത പരിധിയിൽ കവിഞ്ഞാൽ കണ്ടന്റ് നിർമാതാക്കൾ ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം, പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കണം തുടങ്ങിയ നിബന്ധനകളും ബില്ലിലുണ്ടായിരുന്നു. Read on deshabhimani.com