ഒന്നര വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
ചെന്നൈ > ചെന്നൈയിൽ ഒന്നര വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കീഴ്പ്പാക്കം സ്വദേശി ദിവ്യ (31) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒന്നര വയസുകാരൻ പുനീത് കുമാറാണ് കൊല്ലപ്പെട്ടത്. നാലര വയസുള്ള ലക്ഷ്മൺ കുമാർ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. പെരുംകുലത്തൂർ സ്വദേശിയായ രാംകുമാറിനെയാണ് ദിവ്യ വിവാഹം ചെയ്തത്. ആറ് വർഷം മുൻപായിരുന്നു വിവാഹം. കഴിഞ്ഞ ആറുമാസമായി ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. തുടർന്ന് ദിവ്യ കീഴ്പ്പാക്കത്തുള്ള സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ ഭർത്താവുമായി വീണ്ടും തർക്കമുണഅടായതായി ബന്ധുക്കൾ പറയുന്നു. വൈകുന്നേരം വീട്ടിലെത്തിയ ബന്ധുക്കൾ വിളിച്ചിട്ടും ദിവ്യ മറുപടി നൽകാതിരുന്നതോടെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ശുചിമുറിയിൽ യുവതിയേയുും രണ്ട് മക്കളെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പുനീത് കുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദിവ്യ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. Read on deshabhimani.com