ഋഷികേശിൽ കാണാതായ മലയാളി ആകാശിനായുള്ള തിരച്ചിൽ ഊർ‌ജിതം



ന്യൂഡൽഹി > ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗാനദിയിലെ റിവർ റാഫ്റ്റിങ്ങിനിടെ കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനായുള്ള തിരച്ചിൽ  പുരോ​ഗമിക്കുന്നു. മോശം കാലാവസ്ഥയെ തുടർന്ന് നിർത്തിവച്ചിരുന്ന തിരച്ചിൽ ഇന്ന് പുലർച്ചയോടെ വീണ്ടും ആരംഭിച്ചിരുന്നു. ഉത്തരാഖണ്ഡ് ദുരന്ത പ്രതികരണ സേനയുടേയും റിവർ റാഫ്റ്റിങ് സർവ്വീസ് നടത്തുന്നവരുടേയും നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.  കേരളത്തിൽ നിന്നുള്ള എംപിമാരും നോർക്കയും ഉത്തരാഖണ്ഡ് സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാദൗത്യം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് ഋഷികേശിലെ പ്രാദേശിക ഭരണകൂടം അറിയിച്ചതായി നോർക്ക ഔദ്യോ​ഗിക വാർത്താകുറിപ്പിൽ അറിയിച്ചു. തിരച്ചിൽ വേഗത്തിൽ ആക്കാൻ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് കത്തയച്ചിട്ടുണ്ട്. രക്ഷാപപ്രർത്തനത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഇതേ കാര്യം ചൂണ്ടിക്കാട്ടി എ എ റഹീം എംപി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്കും കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികളും  ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നത്. നാലു റാഫ്റ്റിങ് ബോട്ടുകൾ തിരച്ചിലിൽ  സജീവമാണ്. ഇന്നലെ രാവിലെയാണ് ആകാശ് ഗംഗാനദിയിലെ ഒഴുക്കിൽപ്പെടുന്നത്. ഡൽഹി ഗുരുഗ്രാമിലാണ് ആകാശ് താമസിച്ചിരുന്നത്. സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന ആകാശ് മോഹൻ 50 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് വിനോദയാത്രയ്ക്കായി ഋഷികേശിലെത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു. മുന്നു മലയാളികൾ ഋഷികേശിൽ തുടരുന്നുണ്ട്. 35 പേർ ഡൽഹിയിലേയ്ക്ക് മടങ്ങി. മറ്റുളളവരെ റിസോർട്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ചില മാധ്യമങ്ങളിൽ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ വാർത്തകൾ ശ്രദ്ധയിൽപെട്ടിരുന്നുവെന്നും ഇത് ഖേദകരമാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. ഡൽഹി കേരളഹൗസ് റെസിഡന്റ് കമീഷണറും നോർക്ക റൂട്ട്സ് ഡൽഹി എൻ ആർ കെ ഡവലപ്മെന്റ് ഓഫീസ് പ്രതിനിധികളും ഡെറാഡൂൺ ജില്ലാ ഭരണകൂടങ്ങളുമായും പ്രദേശത്തെ മലയാളിസംഘടനകൾ പ്രതിനിധികൾ എന്നിവരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.   Read on deshabhimani.com

Related News