ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി നിയന്ത്രണങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു



ന്യൂഡൽ​ഹി > ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി നിയന്ത്രണങ്ങൾ സുപ്രീംകോടതി  സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍ കെ സിംഗ് എന്നിവരുടെ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. തൃശൂർ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങൾ നിലവിലെ ചട്ടമുപയോ​ഗിച്ച് തന്നെ നടത്താം. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹർജിക്കാർക്കായി ഹാജരായത്. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കുമ്പോൾ സ്ഥലപരിമിതി ഉൾപ്പെടെയുള്ള പ്രതിസന്ധികളുണ്ടാകുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സുരക്ഷിതമായി പൂരം നടത്തുകയെന്നത് അതത് ദേവസ്വങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്തെങ്കിലും അക്രമ സംഭവങ്ങളുണ്ടായാൽ ദേവസ്വങ്ങൾ പിഴയടക്കണം. ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നീരിക്ഷണം. അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളത്ത് തുടരാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണം. മതിയായ വിശ്രമം ആനകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എഴുന്നള്ളിപ്പില്‍ ആനയും തീ സംബന്ധമായ കാര്യങ്ങളും തമ്മില്‍ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടാകണം. ജനങ്ങളും ആനയും തമ്മില്‍ എട്ട് മീറ്റര്‍ ദൂര പരിധി ഉറപ്പാക്കണം. ബാരിക്കേഡ് സംവിധാനം  ഒരുക്കണം. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ആനകളെ പൊതു നിരത്തില്‍ കൂടി കൊണ്ടു പോകരുത്. ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ കമ്മിറ്റിയെ ബോധിപ്പിക്കണം. ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ഫിറ്റ്‌നസ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകൾ ഉറപ്പാക്കണമെന്നുമാണ് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗരേഖയിൽ നിർദേശിച്ചിരുന്നത്.   Read on deshabhimani.com

Related News