തെറ്റ്‌ ചെയ്യുന്നവരെ കൊല്ലും: തെലങ്കാന മന്ത്രി



ഹൈദരാബാദ്‌ >   വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങളുണ്ടായാൽ ഇനിയും വെടിവയ്‌പുകളുണ്ടാവുമെന്ന്‌ തെലങ്കാന മന്ത്രി. മൃഗസംരക്ഷണ മന്ത്രി തെലസനി ശ്രീനിവാസ്‌ യാദവാണ്‌ വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്‌. സർക്കാരിന്റെ സമ്മതത്തോടെയാണ്‌ ഹൈദരാബാദിൽ പൊലീസ്‌ കസ്‌റ്റഡിയിലുള്ള പ്രതികളെ വെടിവച്ചുകൊന്നതെന്ന്‌ മന്ത്രി സൂചിപ്പിച്ചു.  ഇത്തരത്തിലുള്ള വടിവയ്‌പുകൾ ഇനിയുമുണ്ടാകും. വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച്‌ കൊന്ന്‌ കത്തിച്ച കേസിലെ പ്രതികളെ പൊലീസ്‌ വെടിവച്ച്‌ കൊന്നത്‌ സർക്കാരിന്റെ നേട്ടമാണ്‌. ഹൈദരാബാദിൽ സംഭവിച്ചത്‌ എല്ലാവർക്കുമുള്ള പാഠമാണ്‌. കുറ്റം ചെയ്തശേഷമുള്ള കേസ്‌, കോടതി, ജാമ്യം ഇവയൊന്നും ഇനി ഉണ്ടാകില്ല. നിങ്ങൾ ക്രൂരമായ തെറ്റ്‌ ചെയ്തിട്ടുണ്ടെങ്കിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുക തന്നെ ചെയ്യും –- ശനിയാഴ്ച പ്രാദേശിക ടെലിവിഷൻ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.  ഇതിലൂടെ ഞങ്ങളൊരു സന്ദേശം നല്‍കുകയാണ്. ഇത്തരത്തില്‍ ക്രൂരമായ കുറ്റകൃത്യമുണ്ടായാൽ ഏറ്റുമുട്ടല്‍ കൊലയുമുണ്ടാവും. ഉന്നത നിർദേശപ്രകാരമാണ് പൊലീസ്‌ പ്രവർത്തിച്ചത്‌. സംഭവത്തിന്റെ രീതി പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. ഇതിന്റെ യശസ്സ്‌ പൂർണമായും മുഖ്യമന്ത്രിക്കാണ്‌. രാജ്യത്തിന് ഒരു മാതൃക ഞങ്ങള്‍ സൃഷ്ടിക്കുകയാണ്. അത്‌ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെയല്ല. ക്രമസമാധാന പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യും എന്നതിലൂടെയാണ്‌.  കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാത്തതിലും കൊലപാതകവുമായി ബന്ധപ്പെട്ട്‌ പ്രസ്താവനയൊന്നും ഇറക്കാത്തതിലും യാദവിനെതിരെ വിവിധ ഭാഗങ്ങളിൽനിന്ന്‌ വിമർശനങ്ങൾ ഉയർന്നിരുന്നു.    അതിവേഗം നീതി ലഭ്യമാക്കി സംസ്ഥാനം രാജ്യത്തിന്‌ മാതൃകയായെന്ന ഗതാഗത മന്ത്രി പി അജയ്‌ കുമാറിന്റെ പ്രതികരണം വിവാദമായിരുന്നു. അതിന്‌ പിന്നാലെയാണ്‌ മറ്റൊരു മന്ത്രി കൂടി സമാന പരാമർശം നടത്തിയത്‌. ഡോക്ടറുടെ ദാരുണ കൊലപാതകത്തെത്തുടർന്നുണ്ടായ ജനരോഷത്തിൽനിന്ന്‌ സർക്കാരിനെ രക്ഷിക്കുന്നതിന്‌ നടത്തിയ ആസൂത്രിത നീക്കമായിരുന്നു വെടിവയ്‌പ്‌ എന്ന ആരോപണമുയർന്നിരുന്നു. Read on deshabhimani.com

Related News