സമരത്തിന്റെ പേരിൽ കാമുകനൊപ്പം പോകാം; പ്രതിഷേധിക്കുന്ന ഡോക്ടർമാർക്കെതിരെ വിവാദ പരാമർശവുമായി തൃണമുൽ എംപി
കൊൽക്കത്ത > കൊൽക്കത്തയിൽ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം നടത്തുന്ന ഡോക്ടർമാർക്കെതിരെ വിവാദ പരാമർശവുമായി തൃണമുൽ കോൺഗ്രസ് എംപി അരൂപ് ചക്രവർത്തി. സമരത്തിന്റെ പേരു പറഞ്ഞ് നിങ്ങൾക്ക് വീട്ടിലേക്കോ കാമുകനൊപ്പമോ പോകാമെന്നും പക്ഷേ നിങ്ങളെ ഞങ്ങൾ ജനരോഷത്തിൽ നിന്നും രക്ഷിക്കില്ലെന്നുമായിരുന്നു എംപിയുടെ വിവാദ പരാമർശം. ബംഗാളിൽ നടന്ന പൊതുറാലിക്കിടെയായിരുന്നു എംപിയുടെ പരാമർശം. സമരത്തിന്റെ പേരു പറഞ്ഞ് നിങ്ങള്‍ക്ക് വീട്ടിലേക്കോ കാമുകനൊപ്പമോ പോകാം. പക്ഷേ നിങ്ങള്‍ കാരണം ഒരു രോഗി മരിക്കാനിടയായാല്‍ ഉണ്ടാകുന്ന ജനരോഷത്തിൽ നിന്നും നിങ്ങളെ രക്ഷിക്കാന്‍ ഞങ്ങളുണ്ടാകില്ല എന്നാണ് എംപി പറഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസ്താവന വിവാദമായെങ്കിലും തിരുത്താൻ എംപി തയാറായിട്ടില്ല. ഈ മാസം 9നാണ് കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സഞ്ജയ് റോയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് കൊൽക്കത്തയിൽ അലയടിക്കുന്നത്. Read on deshabhimani.com