തമിഴ്‌നാട്ടിലെ മുതിർന്ന സിപിഐ എം നേതാവ് എൻ നൻമാരൻ അന്തരിച്ചു
മധുര > തമിഴ്‌നാട്ടിലെ മുതിർന്ന സിപിഐ എം നേതാവ് എൻ നൻമാരൻ (74) അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. മധുര ഈസ്‌റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. ദീർഘകാലം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. മധുരയിൽ ജനിച്ച നൻമാരൻ ചെറുപ്പകാലത്തുതന്നെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു. 1968 ൽ പുരോഗമന സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാലത്ത് "കുറിഞ്ഞി ഇതൾ' എന്ന പേരിൽ മാഗസിൻ പുറത്തിറക്കി. 1971 ൽ പ്രസംഗങ്ങളിലൂടെയാണ് നൻമാരൻ രാഷ്‌ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. കാറൽ മാർക്‌സ്, ഏംഗൽസ്, ലെനിൻ, സ്‌റ്റാലിൻ തുടങ്ങിയവരെക്കുറിച്ച് തമിഴിൽ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. 2001 ലും 2006 ലും മധുര മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. നൻമാരന്റെ വേർപാട് സിപിഐ എമ്മിനും, പുരോഗമന കലാസാഹിത്യ പ്രസ്‌ഥാനങ്ങൾക്കും വലിയ നഷ്‌ടമാണെന്ന് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ പറഞ്ഞു. നിര്യാണത്തിൽ സിപിഐ എം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. Read on deshabhimani.com