യുവ ഡോക്ടറുടെ ബലാത്സംഗക്കൊല; സുപ്രധാനരേഖകൾ എവിടെയെന്ന്‌ സുപ്രീംകോടതി



കൊൽക്കത്ത> ആർ ജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ സുപ്രധാന രേഖകളില്ലെന്ന്‌സുപ്രീം കോടതി. തിങ്കളാഴ്‌ച കേസിന്റെ  വാദം കേൾക്കുന്നതിനിടെയാണ് പോസ്റ്റ്‌മോർട്ടത്തിന് ആവശ്യമായ  പ്രധാന രേഖകൾ നഷ്ടമായത്‌ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ രേഖകൾ എവിടെയാണെന്ന്‌ ചോദിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഇതില്ലാതെ പോസ്റ്റ്‌മോർട്ടം നടത്താൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിൽ പണിമുടക്കുന്ന ഡോക്ടർമാരോട് ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കകം ജോലിയിൽ പ്രവേശിക്കണമെന്നും കോടതി നിർദേശിച്ചു. അല്ലാത്ത പക്ഷം അച്ചടക്ക നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, എഫ്ഐആർ ഫയൽ ചെയ്യാൻ കാലതാമസം നേരിട്ടതും പോസ്റ്റുമോർട്ട രേഖകളില്ലാത്തതും ചൂണ്ടിക്കാട്ടി. രേഖ ഇല്ലാത്ത സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർക്ക് മൃതദേഹം ഏറ്റുവാങ്ങാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് കൈകാര്യം ചെയ്യുന്നതിൽ പശ്ചിമ ബംഗാൾ സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിൽ അടുത്ത ചൊവ്വാഴ്ച പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി  സിബിഐയോട് ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News