യുപി ​ഗോണ്ടയിൽ ട്രെയിൻ പാളംതെറ്റി ; 4 മരണം



ന്യൂഡൽഹി ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളംതെറ്റി മറിഞ്ഞ്‌ നാല്‌ മരണം.നിരവധി പേർക്ക്‌ പരിക്കേറ്റു. ചണ്ഡീഗഢിൽനിന്ന്‌ അസമിലെ -ദിബ്രുഗഡിലേയ്‌ക്ക്‌ പോയ  എക്‌സ്‌പ്രസ്‌  ട്രെയിൽ ഗോണ്ടയിൽ മോട്ടിഗഞ്ച്‌ സ്റ്റേഷന്‌ സമീപം വ്യാഴം പകൽ 2.35നാണ്‌ അപകടത്തിൽപെട്ടത്‌. സ്‌ഫോടനശബ്ദം കേട്ടതായി ട്രെയിനിന്റെ ലോക്കോപൈലറ്റ്‌ പറഞ്ഞു.  21 ബോഗി ഉണ്ടായിരുന്ന ട്രെയിനിന്റെ ആറ്‌ എസി കോച്ച്‌ പൂർണമായും മറിഞ്ഞു. സൈന്യത്തിന്റെ സഹായത്തോടെയാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക്‌ 2.5 ലക്ഷം രൂപ നൽകുമെന്ന്‌ റെയിൽവേ അറിയിച്ചു. അപകടത്തെ തുടർന്ന്‌ ട്രെയിൻ ഗതാഗതം താറുമാറായി. ജൂൺ 17ന്‌  ഉത്തര ബംഗാളിൽ സിയാൽഡ–-കഞ്ചൻജുംഗ എക്‌സ്‌പ്രസ്‌ ചരക്ക്‌ ട്രെയിനുമായി കൂട്ടിയിടിച്ച്‌ 11 പേർ കൊല്ലപ്പെട്ടതിന്റെ അന്വേഷണ റിപ്പോർട്ട്‌ പുറത്തുവന്നതിനു പിന്നാലെയാണ്‌ ഗോണ്ട അപകടം. സിഗ്‌നൽ സംവിധാനം കൈകാര്യം ചെയ്യുന്നതിൽ വിവിധ തലങ്ങളിലുണ്ടായ പിഴവ്‌ കൂട്ടിയിടക്ക്‌ കാരണമായതെന്ന്‌ റിപ്പോർട്ട്‌. രാജ്യത്ത്‌ 2014–-2023 കാലത്ത്‌ 638 ട്രെയിൻ അപകടമുണ്ടായി.  കഴിഞ്ഞവർഷം ജൂണിൽ ഒഡിഷയിലെ ബാലസോറിൽ മൂന്ന്‌ ട്രെയിനുകൾ കൂട്ടിയിടിച്ച്‌ 296 പേരാണ്‌ മരിച്ചത്‌. സിഗ്‌നൽ സംവിധാനത്തിന്റെ സ്വകാര്യവൽക്കരണം പ്രശ്‌നങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നതായും റിപ്പോർട്ടുണ്ട്‌. Read on deshabhimani.com

Related News