ചരക്കുവണ്ടിയിലിടിച്ച് മൈസൂരു എക്സ്പ്രസിന് തീപിടിച്ചു ; യാത്രക്കാര്‍ക്ക് പരിക്ക്
ചെന്നൈ തമിഴ്നാട് തിരുവള്ളൂർ കവരപേട്ട റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ചരക്കുട്രെയിനിൽ മൈസൂരു–- ദർഭംഗ ബാഗ്മതി എക്സ്പ്രസ് (12578) ഇടിച്ചുകയറി. ബാഗ്മതി എക്സ്പ്രസിന്റെ 13 കോച്ച് പാളം തെറ്റി. പാഴ്സൽ ബോഗിക്ക് തീപിടിച്ചു. ആളപായമില്ലെന്ന് ദക്ഷിണ റെയിൽവെ ചെന്നൈ ഡിവിഷൻ അറിയിച്ചു. പരിക്കേറ്റ പത്തു യാത്രക്കാരെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ലോക്കോപൈലറ്റ് അടക്കമുള്ള ജീവനക്കാരും സുരക്ഷിതരാണെന്നും റെയിൽവെ അറിയിച്ചു. വെള്ളി രാത്രി 8.30ഓടെയാണ് അപകടം. സിഗ്നൽ ലഭിച്ച മെയിൻ ട്രാക്കിൽ നിന്ന് മാറി ലൂപ് ലൈനിൽ കിടന്ന ചരക്കുട്രെയിനിൽ ബാഗ്മതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. റെയിൽവെയുടെ സുരക്ഷാവീഴ്ചയെക്കുറിച്ച് കടുത്ത വിമർശനമുയർന്നതിനിടെയാണ് സിഗ്നൽ പിഴവിനെതുടർന്നുള്ള ഈ അപകടം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇരുന്നൂറിലേറെ അപകടങ്ങളിൽ 351 പേർക്കാണ് ജീവൻ നഷ്ടമായത്. 970 പേർക്ക് പരിക്കേറ്റു. Read on deshabhimani.com