പാൻകാർഡ് അപേക്ഷ: കലക്ടർ നൽകുന്ന ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾ മതി



ന്യൂഡൽഹി > ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ്‌ (പ്രൊട്ടക്ഷൻ ഓഫ്‌ റൈറ്റ്‌സ്‌) നിയമപ്രകാരം കലക്ടർമാർ അനുവദിക്കുന്ന തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾ പാൻകാർഡിന്‌ അപേക്ഷിക്കുമ്പോൾ മതിയായ രേഖയായി പരിഗണിക്കുമെന്ന്‌ കേന്ദ്രസർക്കാർ. പാൻകാർഡിൽ ‘തേർഡ്‌ ജെൻഡർ’ ഓപ്‌ഷൻ ഇല്ലാത്തതിനാൽ പാൻകാർഡും ആധാർകാർഡും ബന്ധിപ്പിക്കാൻ കഴിയുന്നില്ലെന്ന്‌ ചൂണ്ടിക്കാണിച്ചുള്ള ഹർജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിനെയാണ്‌ കേന്ദ്രസർക്കാർ ഈ കാര്യമറിയിച്ചത്‌. ബിഹാറിലെ ട്രാൻസ്‌ജെൻഡർ ആക്‌റ്റിവിസ്‌റ്റ്‌ രേഷ്‌മാപ്രസാദ്‌ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനോട്‌ സുപ്രീംകോടതി നിലപാട്‌ തേടിയിരുന്നു. ജില്ലാ മജിസ്‌ട്രേറ്റുമാർ നൽകുന്ന  സർട്ടിഫിക്കറ്റുകൾ പാൻകാർഡിനുള്ള രേഖയായി പരിഗണിക്കണമെന്നത്‌ ഉൾപ്പടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുമെന്നാണ്‌ കേന്ദ്രസർക്കാർ മറുപടി സത്യവാങ്ങ്‌മൂലത്തിൽ കോടതിയെ അറിയിച്ചിട്ടുള്ളത്‌. കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയാൽ നടപടിക്രമങ്ങൾക്ക്‌ കൂടുതൽവ്യക്തതയുണ്ടാകുമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചു. Read on deshabhimani.com

Related News