മണിപ്പൂരിൽ പാംബെയ് ഗ്രൂപ്പ് അംഗങ്ങൾ പിടിയിൽ; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
ഇംഫാൽ > നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിന്റെ (പാംബെയ് ഗ്രൂപ്പ്) സജീവ അംഗങ്ങളായ രണ്ട് പേരെ മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നിന്ന് പിടികൂടി. കൊള്ളപ്പലിശയിൽ ഏർപ്പെട്ടെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. നവംബർ 23 ന് ഖുറായി അഹോംഗേയ് ലബുക് ലെയ്‌റക് ഏരിയയിൽ നിന്നാണ് തൗദം ഇബുംഗോബി മെയ്തേയ്, ചനം റാഷിനി ചാനു എന്നീ രണ്ടുപേരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഒരു വയർലെസ് റേഡിയോ സെറ്റും മൊബൈൽ ഫോണും കണ്ടെടുത്തു. യുഎൻഎൽഎഫ് (പാംബെയ് ഗ്രൂപ്പ്) 2023ൽ കേന്ദ്ര സർക്കാരുമായി സമാധാന ഉടമ്പടി ഒപ്പുവെച്ചിരുന്നുവെങ്കിലും അതിലെ അംഗങ്ങൾ കൊള്ളയടിക്കുന്നതിൽ ഏർപ്പെടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു തിരച്ചിലിൽ കാംഗ്‌പോപി ജില്ലയിലെ ലുങ്കോങ്‌ജാംഗിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മണിപ്പൂരിലെ ക്രമസമാധാനം വീണ്ടും തകിടം മറിഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജിരിബാമിൽ കഴിഞ്ഞ തിങ്കളാഴ്‌ച കുക്കി വിഭാഗത്തിലെ 11 പേർ സിആർപിഎഫ് നടപടിയിൽ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആറ് പേരെ കാണാതാവുകയും പിന്നീട് അവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ മൂന്നുപേരുടെ ശരീരത്തിൽ നിന്നായി വെടിയുണ്ടകളും മുറിവുകളും കണ്ടെത്തിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. ആറുപേരും കൊല്ലപ്പെട്ടതോടെ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. Read on deshabhimani.com