യോ​ഗ്യതയില്ലാത്ത പൈലറ്റുമാർ വിമാനം പറത്തി; എയർ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ



ന്യൂഡൽഹി > യോ​ഗ്യതയില്ലാത്ത പൈലറ്റുമാർ വിമാനം പറത്തിയതിന് ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ 90 ലക്ഷം രൂപ പിഴ ചുമത്തി. ഇതുകൂടാതെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസിന് ആറ് ലക്ഷം രൂപയും ഡയറക്ടർ ഓഫ് ട്രെയിനിങ്ങിന് മൂന്ന് ലക്ഷം രൂപയും പിഴ വിധിച്ചിട്ടുണ്ട്. പരിശീലകനില്ലാതെ ട്രെയിനി പൈലറ്റ് വിമാനം പറത്തിയതിനാണ് എയർ ഇന്ത്യക്ക് പിഴ ചുമത്തിയത്. യാത്രയ്ക്ക് മുന്നോടിയായി പരിശീലകന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ഒരു ക്യാപ്റ്റനെ വിമാനം പറത്താൻ കമ്പനി നിയോഗിക്കുകയായിരുന്നു. ജൂലൈ 10ന് എയർഇന്ത്യ  സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്ത്തമാക്കിയത്. സ്പോട്ട് ചെക്കിങ്, ഷഡ്യൂൾ രേഖകൾ പരിശോധിക്കുന്നതുൾപ്പെടെ എയർലൈനിന്റെ പ്രവർത്തനങ്ങൾ ഏവിയേഷൻ റെഗുലേറ്റർ പരിശോധിച്ചു. അന്വേഷണത്തിൽ കമ്പനിയുടെ പോസ്‌റ്റ് ഹോൾഡർമാരുടെയും ജീവനക്കാരുടെയും പോരായ്മകളും റെഗുലേറ്ററി വ്യവസ്ഥകളുടെ ഒന്നിലധികം ലംഘനങ്ങളും കണ്ടെത്തി. കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നെങ്കിലും അധികൃതർ തൃപ്തികരമായ മറുപടി നൽകാത്തതിനാലാണ് ഡിജിസിഎ എയ‍ർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. Read on deshabhimani.com

Related News