സാമൂഹിക മാധ്യമങ്ങൾക്കും നിയന്ത്രണം; നയം രൂപീകരിച്ച് യുപി സർക്കാർ



ലക്ക്നൗ > സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്ന പുതിയ നയവുമായി ഉത്തർപ്രദേശ് സർക്കാർ. യൂട്യൂബ്, ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ നയം. സംസ്ഥാന വിവര വകുപ്പ് രൂപീകരിച്ച ഉത്തർപ്രദേശ് ഡിജിറ്റൽ മീഡിയ പോളിസി 2024ന് യോ​ഗി ആദിത്യനാഥ് മന്ത്രിസഭ അം​ഗീകാരം നൽകി. രാജ്യ വിരുദ്ധമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും.  മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമത്തിൻ്റെ 66 ഇ, 66 എഫ് വകുപ്പുകൾക്ക് കീഴിലായിരിക്കും കേസുകൾ രജിസ്റ്റർ ചെയ്യുക. അശ്ലീലമോ അപകീർത്തികരമോ ആയ ഉള്ളടക്കം ഓൺലൈനിൽ പങ്കിടുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കി നിയമനടപടികളെടുക്കും. സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങൾ നിയന്ത്രിക്കാൻ വി ഫോം എന്ന ഡിജിറ്റൽ ഏജൻസിയെ ഏർപ്പെടുത്തി. വീഡിയോകൾ, ട്വീറ്റുകൾ, പോസ്റ്റുകൾ, റീലുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നതിലും ഏജൻസി മേൽനോട്ടം വഹിക്കും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, അക്കൗണ്ട് ഉടമകൾ, ഓപ്പറേറ്റർമാർ എന്നിവർക്ക് പ്രത്യേക പേയ്‌മെൻ്റ് പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമമായ എക്സിൽ ഒരു വ്യക്തിക്ക് പ്രതിമാസം ലഭിക്കാവുന്ന പരമാവധി തുക 5 ലക്ഷം രൂപയും, ഫേസ്ബുക്കിൽ 4 ലക്ഷം രൂപയും ഇൻസ്റ്റാഗ്രാം പ്രതിമാസം 3 ലക്ഷം രൂപയുമാക്കി.   Read on deshabhimani.com

Related News