ഇന്ത്യയും ചൈനയും പരസ്‌പരവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടെന്ന്‌ കരസേനാ മേധാവി



ന്യൂഡൽഹി ഇന്ത്യയും ചൈനയുമായുള്ള ബന്ധത്തിൽ പരസ്‌പരവിശ്വാസമാണ്‌ പ്രധാന ഘടകമെന്നും അത്‌ വീണ്ടെടുക്കാനാണ്‌ നിലവിൽ ശ്രമിക്കുന്നതെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. നിയന്ത്രണ രേഖയിലെ പട്രോളിങ്‌ മേഖലകളുടെ കാര്യത്തിൽ ഇന്ത്യയും ചൈനയുമായി ധാരണയായെന്ന്‌ വിദേശ സെക്രട്ടറി വിക്രം മിസ്‌ത്രി പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ പരസ്‌പരവിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്ന്‌ ജനറൽ ദ്വിവേദി പറഞ്ഞത്‌. നിയന്ത്രണ രേഖയിലെ വിന്യാസം ഏതുവിധം കുറയ്‌ക്കണം എന്നത്‌ സൈന്യം ആലോചിക്കുമെന്ന്‌ ഡൽഹിയിൽ ഒരു ചടങ്ങിൽ ജനറൽ ദ്വിവേദി പറഞ്ഞു. 2020 ഏപ്രിലിലെ തൽസ്ഥിതി പുനഃസ്ഥാപിക്കാനാണ്‌ ശ്രമം. അതിന്‌ ശേഷമാകും സൈനികരുടെ എണ്ണത്തിലും സൈനിക വിന്യാസത്തിലും കുറവ്‌ വരുത്തുക. നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ ഘട്ടംഘട്ടമായി പഴയ നിലയിലേക്ക്‌ മാറും. ഇരുസൈന്യങ്ങളും പരസ്‌പരം ഉറപ്പുനൽകേണ്ടതുണ്ട്‌. പട്രോളിങ്‌ അതിനുള്ള സാഹചര്യമൊരുക്കും. വിശ്വാസം പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ മറ്റ്‌ ഘട്ടങ്ങൾ അതിന്റെ തുടർച്ചയായി സംഭവിക്കും–- ദ്വിവേദി പറഞ്ഞു. Read on deshabhimani.com

Related News