ഉത്തരാഖണ്ഡ് ബസ് അപകടം; മരണസംഖ്യ 36 ആയി
ഡെറാഡൂൺ > ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞതിനെത്തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. ഇന്ന് രാവിലെ മർച്ചുളയിൽ 200മീറ്റർ താഴ്ചയിലേക്ക് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) പൊലീസും അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ ഗർവാലിലെ പൗരിയിൽ നിന്ന് കുമയൂണിലെ രാംനഗറിലേക്ക് യാത്ര പോകുന്നതിനിടെയാണ് മാർച്ചുലയിൽ 200 മീറ്റർ താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. രാംപൂരിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. രാവിലെ 8.30യോടെയാണ് അപകടം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അൽമോറ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു. ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ ആവശ്യമെങ്കിൽ എയർലിഫ്റ്റ് ചെയ്യാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. Read on deshabhimani.com