‘സമ്മർദത്തെ നേരിടാൻ പഠിക്കണം’: അന്നയെ അപമാനിച്ച നിർമല സീതാരാമൻ മാപ്പു പറയണം- വി ശിവദാസൻ
ന്യൂഡൽഹി> ജോലിസമ്മർദ്ദത്തെ തുടർന്ന് മരിച്ച മലയാളിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്‌റ്റ്യനെ അപമാനിച്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ മാപ്പുപറയണമെന്ന് വി ശിവദാസൻ എംപി. സമ്മർദ്ദം നേരിടാൻ കഴിവില്ലാതെ പോയതാണ് അന്നയുടെ മരണത്തിനു കാരണമെന്ന രീതിയിൽ നിർമല സീതാരാമൻ നടത്തിയ പ്രസ്താവന, കോർപ്പറേറ്റ് ചൂഷണത്തിന്റെ രക്തസാക്ഷിയായ അന്ന സെബാസ്റ്റ്യനെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജോലിയിലെ സമ്മർദം നേരിടാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം എന്ന പ്രസ്താവനയിലൂടെ അന്നയുടെ കുടുംബത്തെ കൂടി കുറ്റപെടുത്തുന്ന നിലപാടാണ് കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. സമ്മർദം നേരിടാൻ ദൈവത്തെ ആശ്രയിക്കാൻ ആണ് മന്ത്രി പറയുന്നത്. വിഷലിപ്തവും ചൂഷണം നിറഞ്ഞതുമായ തൊഴിൽ സാഹചര്യം ആണ് സമ്മർദത്തിന് കാരണമെന്നത് മറച്ചു വെച്ച്, കോർപ്പറേറ്റ്കളെ പ്രീണിപ്പിക്കാനാണ് നിർമല സീതാരാമൻ ശ്രമിക്കുന്നത്. ബിജെപി സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പൊള്ളത്തരവും ഈ പ്രസ്താവനയിലൂടെ വെളിപ്പെട്ടിരിക്കുകയാണ്. ഇരയെ തന്നെ കുറ്റപ്പെടുത്തുന്ന പ്രസ്താവന നടത്തുന്ന സർക്കാരിൽ നിന്നും നീതി ലഭിക്കില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാത്ത പ്രസ്താവന പിൻവലിച്ചു നിർമല സീതാരാമൻ അന്നയുടെ കുടുംബത്തോട് മാപ്പ് പറയണമെന്നും വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. Read on deshabhimani.com