രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാർ അലംഭാവം കാണിക്കുന്നു: വി വസീഫ്
അങ്കോള > അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്. രക്ഷാപ്രവർത്തനത്തിനു വേണ്ടി സംസ്ഥാന സർക്കാർ തുടർച്ചയായി ഇടപെടലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ കർണാടക സർക്കാർ വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും വി വസീഫ് പറഞ്ഞു. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വസീഫ്. കോഴിക്കോട് ജില്ലാ സെക്രട്ടറി പിസി ഷൈജു, കാസർഗോഡ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സംസ്ഥാന കമ്മറ്റിയംഗം ടി കെ സുമേഷ് എന്നിവരും വസീഫിനൊപ്പമുണ്ടായിരുന്നു . കർണാടകത്തിലെ അങ്കോളയിൽ ജൂലൈ 16നാണ് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായത്. മലയാളി ലോറി ഡ്രൈവറായ കോഴിക്കോട് കക്കോട് സ്വദേശിഅർജുൻ ഉൾപ്പെടെ നാല് പേരെ മണ്ണിടിച്ചിലില്‍ കാണാതായിരുന്നു. അർജുനെയടക്കമുള്ളവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇന്ന് എട്ടാം ദിവസമാണ്. അർജുന്റെ ലോറി കരയിലെ മണ്ണിൽ തന്നെയുണ്ടാകാൻ സാധ്യതയെന്ന് അങ്കോലയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന രഞ്ജിത്ത് ഇസ്രായേൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തെരച്ചിൽ ഇന്ന് തുടരുമെന്നാണ് വിവരം. Read on deshabhimani.com