30,000 കോടി രൂപയുടെ 
വന്ദേഭാരത്‌ കരാർ റദ്ദാക്കി



ന്യൂഡൽഹി അലുമിനിയം നിർമിത ബോ​ഗിയുള്ള വന്ദേഭാരത്‌ ട്രെയിൻ ഉയർന്ന നിരക്കിൽ വാങ്ങാനുള്ള തീരുമാനത്തിൽനിന്ന്‌ റെയിൽവേ പിന്മാറി.  30,000 കോടി രൂപയ്‌ക്ക്‌ 100 ട്രെയിൻ സജ്ജീകരിക്കാൻ ബഹുരാഷ്‌ട്ര ഫ്രഞ്ച്‌ കമ്പനി അൽസ്‌റ്റോമുമായി എത്തിച്ചേർന്ന കരാറാണ്‌ റെയിൽവേ റദ്ദാക്കിയത്‌.  ട്രെയിനുകൾ കൈമാറുമ്പോൾ 13,000 കോടി രൂപയും 35 വർഷത്തെ പരിപാലനച്ചെലവായി 17,000 കോടി രൂപയും എന്നതായിരുന്നു കരാർ. അന്തിമവില സംബന്ധിച്ച തർക്കത്തിന്‌ പരിഹാരം ഉണ്ടാകാതിരുന്നതാണ്‌ കരാർ റദ്ദാക്കാൻ കാരണമായതെന്ന്‌ അൽസ്‌റ്റോം ഇന്ത്യ മാനേജിങ്‌ ഡയറക്ടർ ഒലീവിയർ സ്‌റ്റോൺ പറഞ്ഞു.  നേരത്തെ ഉരുക്ക്‌ നിർമിത വന്ദേഭാരത്‌ ട്രെയിനുകൾ 120 കോടി രൂപ വീതം നിരക്കിലാണ്‌ സംഭരിച്ചത്‌. അൽസ്‌റ്റോമുമായുള്ള പ്രാഥമിക  കരാർ പ്രകാരം ഒരു ട്രെയിന്‌ 150.9 കോടി രൂപയാണ്‌ വിലയിട്ടതെങ്കിലും ഇത്‌  140 കോടിയായി കുറയ്‌ക്കണമെന്ന്‌ റെയിൽവേ ആവശ്യപ്പെട്ടു. 145 കോടി രൂപ നിരക്കിൽ ട്രെയിൻ വില നിശ്‌ചയിച്ചാൽ  കരാർ നടപ്പാക്കാമെന്ന്‌ അൽസ്‌റ്റോം അറിയിച്ചെങ്കിലും റെയിൽവേ ഇതിനോട്‌ അനുകൂലിച്ചില്ല. കഴിഞ്ഞ വർഷം മെയ്‌ 30നു തുറന്ന ടെൻഡർ പ്രകാരമുള്ള കരാറാണ്‌ റദ്ദാക്കിയത്‌. 2022ലാണ്‌ ഇതിനുള്ള നടപടികൾക്ക്‌ തുടക്കം കുറിച്ചത്‌.   Read on deshabhimani.com

Related News